Kottayam Local

രണ്ടരക്കോടി ലിറ്റര്‍ ജലസംഭരണിയുമായി എംജി സര്‍വകലാശാല

കോട്ടയം: ജല വിതരണത്തില്‍ സ്വയംപര്യാപ്തത നേടിക്കൊണ്ട് എംജി സര്‍വകലാശാലാ കാംപസില്‍ 2.5 കോടി ലിറ്റര്‍ ശേഷിയുള്ള ജല സംഭരണിയും മഴക്കൊയ്ത്തു പദ്ധതിയും പൂര്‍ത്തിയായി.
കാംപസിലെ വിവിധ കെട്ടിടങ്ങളിലെ മേല്‍ക്കൂരകളില്‍ നിന്ന് ശേഖരിക്കുന്ന മഴവെള്ളം പൈപ്പുകളിലൂടെ രവീന്ദ്രസരോവരം എന്നറിയപ്പെടുന്ന പാറക്കുളത്തിലെത്തിക്കുന്ന മഴവെള്ള സംഭരണ പദ്ധതിയാണു നടപ്പാക്കിയത്. ഇതിനായി പാറക്കുളം ശുദ്ധീകരിച്ച് പാര്‍ശ്വഭിത്തികള്‍ വൃത്തിയാക്കി നവീകരിക്കുകയും ചെയ്തു. പ്രതിദിനം ഒന്നര ലക്ഷം ലിറ്റര്‍ ജലം ഉപയോഗിക്കപ്പെടുന്ന സര്‍വകലാശാലാ കാംപസില്‍ മുന്‍വര്‍ഷം വേനല്‍ക്കാലത്ത് 35 ലക്ഷം രൂപ ചെലവിട്ട് ടാങ്കര്‍ ലോറിയില്‍ ജലവിതരണം നടത്തിയിരുന്നു. എന്നാല്‍, ഈ വര്‍ഷം സര്‍വകലാശാലയുടെ വിസ്തൃതമായ രണ്ടുസംഭരണികളിലുമായി ശേഖരിക്കപ്പെട്ട മഴ വെള്ളമുപയോഗിച്ച് അടുത്ത മഴക്കാലംവരെ പ്രതിസന്ധിയില്ലാതെ കാംപസില്‍ ജല വിതരണം സാധ്യമാവുമെന്നാണു പ്രതീക്ഷ. നിലവില്‍ മഴവെള്ളക്കൊയ്ത്തിനു സജ്ജീകരണം ഏര്‍പ്പെടുത്തിയ 12 കെട്ടിടങ്ങള്‍ കൂടാതെ ഈവര്‍ഷം കാംപസിലെ എട്ടു കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ നിന്ന് മഴവെള്ളം ശേഖരിക്കാനുള്ള പദ്ധതിയും ഇതോടനുബന്ധിച്ച് നടന്നുവരികയാണ്. ഇതുവഴി 25 ലക്ഷം ലിറ്റര്‍ മഴവെള്ളം അധികമായി സംഭരിക്കാനാവും. മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതോടെ സരോവരത്തിന്റെ സംഭരണശേഷി കവിഞ്ഞൊഴുകി പാഴാവുന്ന മഴവെള്ളം സംഭരിച്ചുനിര്‍ത്തുന്നതിന് ഇതിന്റെ ഒരുഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഉയരംകൂട്ടുകയും സംഭരണശേഷി ഏതാനും മീറ്റര്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതിയും സര്‍വകലാശാല വിഭാവനം ചെയ്യുന്നുണ്ട്.
പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ മഴക്കൊയ്ത്തിന്റെ മഹത്തായ ഒരു മാതൃക എംജി സര്‍വകലാശാലാ കാംപസില്‍ സൃഷ്ടിക്കപ്പെടുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it