Flash News

രഞ്ജി ട്രോഫി : സ്പിന്‍ കരുത്തില്‍ കേരളത്തിന് ലീഡ്



തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ജമ്മുകാശ്മീരിനെതിരെ ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയ്ക്ക് അതേനാണയത്തില്‍ തിരിച്ചടിച്ച് കേരളം. ആദ്യദിനം 219 റണ്‍സിന് കേരളത്തെ പുറത്താക്കി ബാറ്റിങിനിറങ്ങിയ ജമ്മുകശ്മീരിനെ 173 റണ്‍സില്‍ കേരളം തളച്ചു. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുത്ത കേരളത്തിന് 91 റണ്‍സിന്റെ ലീഡുണ്ട്.  16 റണ്‍സുമായി ജലജ് സക്‌സേനയും ആറ് റണ്‍സുമായി രോഹന്‍ പ്രേമുമാണ് ക്രീസില്‍. 20 റണ്‍സെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ഇന്നലെ 16 റണ്‍സുമായി ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ജമ്മുകശ്മീരിന് ഓപണര്‍മാരായ അഹമ്മദ് ബണ്ടിയും ഷുഭം കജുരിയയും മികച്ച തുടക്കമാണ് നല്‍കിയത്. ബണ്ടി 35 റണ്‍സും കജൂരിയ 41 റണ്‍സും നേടി. എന്നാല്‍ ഇരുവരേയും പുറത്താക്കി സിജോമോന്‍ കളി കേരളത്തിന് അനുകൂലമാക്കി. ബണ്ടിയെ അക്ഷയ് ചന്ദ്രന്റെ കയ്യിലെത്തിച്ചപ്പോള്‍ കജൂരിയ കീപ്പറായ സഞ്ജുവിന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നുവന്ന പ്രണവ് ഗുപ്തയും ഇയാന്‍ ദേവ് സിങും നിലയുറപ്പിക്കും മുമ്പേ ജലജ് സക്‌സേനയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ക്യാപ്റ്റന്‍ പര്‍വേസ് റസൂല്‍ (28), ബണ്‍ദീപ് സിങ് (39) എന്നിവര്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. റസൂലിനെ സിജോമോനും ബണ്‍ദീപിനെ ജലജ് സക്‌സേനയും പുറത്താക്കി. ആസിഫ് ഖാന്‍, മണിക് ഗുപ്ത, ആമിര്‍ അസീസ് സോഫി, മുഹമ്മദ് മുദ്ദസിര്‍ എന്നിവര്‍ക്കും സ്‌കോര്‍ ചെയ്യാനായില്ല. രാം ദയാല്‍ 17 റണ്‍സുമായി പുറത്താവാതെ നിന്നു. കേരളത്തിനായി അരങ്ങേറ്റ താരം അക്ഷയ് ചന്ദ്രന്‍ 14 ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ നേടി. സിജോമോന്‍ ജോസഫ്, ജലജ് സക്‌സേന എന്നിവര്‍ മൂന്നുവിക്കറ്റു വീതവും സ്വന്തമാക്കി. ജമ്മുകാശ്മീരിന്റെ നാലു ബാറ്റ്‌സ്മാന്‍മാര്‍ അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി. ബി ഗ്രൂപ്പില്‍ മൂന്ന് കളികളില്‍ 12 പോയിന്റുമായി കേരളം മൂന്നാമതാണ്. 14 പോയിന്റുമായി സൗരാഷ്ട്ര ഒന്നാമതും 13 പോയിന്റുമായി ഗുജറാത്ത് രണ്ടാം സ്ഥാനത്തുമാണ്. മൂന്നു കളികളില്‍ മൂന്നു പോയിന്റുള്ള ജമ്മുകശ്മീര്‍ ഗ്രൂപ്പില്‍ ആറാമതാണ്.
Next Story

RELATED STORIES

Share it