Cricket

രഞ്ജി ട്രോഫി: ജയത്തിനരികെ കേരളം; ജമ്മു കശ്മീര്‍ പൊരുതുന്നു

രഞ്ജി ട്രോഫി: ജയത്തിനരികെ കേരളം; ജമ്മു കശ്മീര്‍ പൊരുതുന്നു
X


തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരായ മല്‍സരത്തില്‍ കേരളം ജയത്തിനരികെ. രണ്ടാം ഇന്നിങ്‌സില്‍ കേരളം മുന്നോട്ടുവച്ച 237 റണ്‍സിന്റെ വിജയലക്ഷ്യവുമായി മൂന്നാംദിനം ബാറ്റിങിനിറങ്ങിയ ജമ്മുവിന് 56 റണ്‍സ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റുകള്‍ നഷ്ടമായി. മൂന്നു വിക്കറ്റുകള്‍ കൈയിലിരിക്കെ വിജയിക്കണമെങ്കില്‍ ജമ്മുവിന് ഇന്ന് 182 റണ്‍സ് നേടണം. എംഡി നിധീഷിന്റേയും സിജോമോന്‍ ജോസഫിന്റെയും മാസ്മരിക ബൗളിങാണ് ജമ്മുവിനെ തകര്‍ത്തത്. സിജോമോന്‍ 11 ഓവറില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് രണ്ടുവിക്കറ്റ് നേടിയപ്പോള്‍ നിധീഷ് നാലോവറില്‍ വെറും ഏഴു റണ്‍സ് നല്‍കി രണ്ടുവിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 11 റണ്‍സ് നേടിയ പ്രണവ് ഗുപ്തയ്ക്കും 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ പര്‍വേസ് റസൂലിനും മാത്രമാണ് ജമ്മു നിരയില്‍ രണ്ടക്കം കടക്കാനായത്. മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ചു റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ആസിഫ് ഖാനും റണ്ണൊന്നും നേടാതെ ആമിര്‍ അസീസ് സോഫിയുമാണ് ക്രീസില്‍. ബൗളിങിന് അനുകൂലമായ പിച്ചില്‍ രാവിലെ തന്നെ വാലറ്റത്തെ വീഴ്ത്തി വിജയം കൈപ്പിടിയില്‍ ഒതുക്കാനാണ് കേരളത്തിന്റെ ലക്ഷ്യം.   ഇന്നലെ ഒരുവിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സുമായി ബാറ്റിങിനിറങ്ങിയ കേരളത്തിന് തുടക്കത്തിലെ കാലിടറി. ജമ്മു ക്യാപ്റ്റന്‍ പര്‍വേസ് റസൂലിന്റെ സ്പിന്‍ കരുത്തിനു മുന്നില്‍ കേരളത്തിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ 191 റണ്‍സിന് കേരളം കൂടാരം കയറി. രോഹന്‍ പ്രേം നേടിയ അര്‍ധ സെഞ്ച്വറിയാണ് ആശ്വാസത്തിന് വക നല്‍കിയത്. 149 പന്തുകള്‍ നേരിട്ട രോഹന്‍ പ്രേം ഏഴുഫോറുകള്‍ ഉള്‍പ്പെടെ 58 റണ്‍സ് നേടി. അരുണ്‍ കാര്‍ത്തിക്(36 ), സല്‍മാന്‍ നിസാര്‍(32) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഓപണര്‍മാരായ വിഷ്ണുവിനോദ് 20 റണ്‍സും ജലജ് സക്‌സേന 19 റണ്‍സും നേടി. മറ്റുള്ള ബാറ്റ്‌സ്മാന്‍മാരെല്ലാം രണ്ടക്കം കാണാതെ പുറത്തായി. 28 ഓവറില്‍ 70 റണ്‍സ് വിട്ടുനല്‍കി 5 വിക്കറ്റുകളാണ് പര്‍വേസ് റസൂല്‍ കൈക്കലാക്കിയത്. മികച്ച ഫോമില്‍ തുടരുന്ന ജലജ് സക്‌സേനയേയും സഞ്ജു സാംസണിനേയും വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് റസൂല്‍ വിക്കറ്റുവേട്ട തുടങ്ങിയത്. പിന്നാലെ സചിന്‍ ബേബിയും സല്‍മാന്‍ നിസാറും ബേസില്‍ തമ്പിയും റസൂലിന് മുന്നില്‍ കീഴടങ്ങി. ആമിര്‍ അസീസ് സോഫി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. രാം ദയാല്‍, ബന്‍ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റുവീതം നേടി. ബി ഗ്രൂപ്പില്‍ 12 പോയിന്റുമായി കേരളം മൂന്നാമതാണ്.
Next Story

RELATED STORIES

Share it