രഞ്ജി ട്രോഫി: കേരളത്തിന് വീണ്ടും സമനില

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വീണ്ടും സമനില. ത്രിപുരയ്‌ക്കെതിരേ ഇന്നലെ സമാപിച്ച മല്‍സരത്തിലും കേരളം സമനില വഴങ്ങി. ഈ സീസണില്‍ രഞ്ജിയില്‍ ഇത് നാലാം തവണയാണ് കേരളം സമനില വഴങ്ങുന്നത്. നാലിലും ഒന്നാമിന്നിങ്‌സില്‍ ലീഡ് പിടിച്ചതിനു ശേഷമാണ് കേരളം സമനില കൊണ്ട് തൃപ്തിപ്പെട്ടത്.
കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 347ന് മറുപടിയായി ത്രിപുര 236 റണ്‍സിന് പുറത്താവുകയായിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറുടെ മികച്ച ബൗളിങാണ് കേരളത്തിന് ലീഡ് നേടിക്കൊടുത്തത്. 23.2 ഓവറില്‍ നാല് മെയ്ഡനുള്‍പ്പെടെ 69 റണ്‍സ് വിട്ടുകൊടുത്താണ് സന്ദീപ് ആറു വിക്കറ്റുകള്‍ കടപുഴക്കിയത്.
തുടര്‍ന്ന് ഒന്നാമിന്നിങ്‌സിലെ 111 റണ്‍സിന്റെ ലീഡിന്റെ പിന്‍ബലത്തില്‍ രണ്ടാമിന്നിങ്‌സിനിറങ്ങിയ കേരളം 19.4 ഓവറില്‍ നാലു വിക്കറ്റിന് 117 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്തു.
ഒന്നാമിന്നിങ്‌സിലെ സെഞ്ച്വറി വീരന്‍ രോഹന്‍ പ്രേമിന്റെ (72*) തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയാണ് രണ്ടാമിന്നിങ്‌സില്‍ കേരളത്തിന്റെ സ്‌കോറിങ് വേഗത്തിലാക്കിയത്. 62 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് രോഹന്റെ ഇന്നിങ്‌സ്.
229 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ത്രിപുര വിക്കറ്റ് നഷ്ടമില്ലാതെ 53 റണ്‍സെടുത്ത് നില്‍ക്കേ മല്‍സരം സമനിലയിലാവുകയായിരുന്നു. ഒന്നാമിന്നിങ്‌സിലെ ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് മല്‍സരത്തില്‍ നിന്ന് മൂന്ന് പോയിന്റും ത്രിപുരയ്ക്ക് ഒരു പോയിന്റും ലഭിച്ചു.
Next Story

RELATED STORIES

Share it