Cricket

രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിങ് തകര്‍ച്ച

രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിങ് തകര്‍ച്ച
X


തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ജമ്മുകശ്മീരുമായുള്ള മല്‍സരത്തില്‍ ആദ്യദിനം കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ 219 റണ്‍സിന് കേരളം പുറത്തായി. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ജമ്മുകശ്മീര്‍ വിക്കറ്റ് നഷ്ടമാവാതെ 16 റണ്‍സ് എടുത്തിട്ടുണ്ട്. തകര്‍ച്ചതോടെ തുടങ്ങിയ കേരളത്തിന് സഞ്ജു സാംസണ്‍ നേടിയ സെഞ്ച്വറിയാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 187 പന്തില്‍ നിന്നും 14 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ സഞ്ജു 112 റണ്‍സ് നേടി. 35 റണ്‍സുമായി അരുണ്‍ കാര്‍ത്തിക് സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. കഴിഞ്ഞ കളിയിലെ ഹീറോ ജലജ് സക്‌സേന 22 റണ്‍സ് നേടി. ജമ്മുകശ്മീര്‍ ക്യാപ്റ്റന്‍ പര്‍വേസ് റസൂലിന്റെ മികച്ച ബൗളിങാണ് കേരളത്തെ തകര്‍ത്തത്. 26 ഓവറില്‍ 70 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് റസൂല്‍ നേടിയത്. മുഹമ്മദ് മുദ്ദസിര്‍, ആമിര്‍ അസിസ് സോഫി എന്നിവര്‍ രണ്ടുവിക്കറ്റു വീതം നേടി. തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. അഞ്ചു റണ്‍സെടുത്ത ഓപണര്‍ വിഷ്ണു വിനോദിനെ മുഹമ്മദ് മുദ്ദസിര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളത്തിന്റെ പതനം തുടങ്ങി. പിന്നാലെയെത്തിയ റോഹന്‍ പ്രേമിനെ ക്രീസില്‍ നിലയുറപ്പിക്കും മുമ്പേ ആസിഫ് ഖാന്റെ കൈകളിലെത്തിച്ച് മുദ്ദസിര്‍ കരുത്തുകാട്ടി. തുടര്‍ന്ന് സഞ്ജുവിനൊപ്പം 19 റണ്‍സുമായി നിലയുറപ്പിച്ച ക്യാപ്റ്റന്‍ സചിന്‍ ബേബിയെ റസൂല്‍ എല്‍ബിയില്‍ കുരുക്കി. സല്‍മാന്‍ നിസാര്‍, സിജോമോന്‍ ജോസഫ്, അക്ഷയ് ചന്ദ്രന്‍, ബേസില്‍ തമ്പി, എം ഡി നിതീഷ് എന്നിവര്‍ക്കൊന്നും രണ്ടക്കം തികയ്ക്കാനായില്ല. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയ ജമ്മു കാശ്മീരിനായി അഹമ്മദ് ബണ്ടി(7), ഷുഭം കജൂരിയ(7) എന്നിവരാണ് ക്രീസില്‍.
Next Story

RELATED STORIES

Share it