രഞ്ജി ട്രോഫി: കേരളം മികച്ച സ്‌കോറിലേക്ക്

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: ത്രിപുരയ്‌ക്കെതിരേ പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സി മല്‍സരത്തില്‍ കേരളം മികച്ച സ്‌കോറിലേക്ക് നീങ്ങുന്നു. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ കേരളം നാലു വിക്കറ്റിന് 223 റണ്‍സെന്ന ശക്തമായ നിലയിലാണ്.
കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം കസറിയ രോഹന്‍ പ്രേം (94*) തന്നെയാണ് കേരളത്തിനെ മികച്ച സകോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 226 പന്തുകള്‍ നേരിട്ട രോഹന്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചു. സചിന്‍ ബേബിയാണ് (70) ആതിഥേയരുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ദേശീയ താരവും കേരള ക്യാപ്റ്റനുമായ സഞ്ജു വി സാംസണിന് ഒരു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സ്വപന്‍ ദാസ് ത്രിപുരയ്ക്കുവേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 21 റണ്‍സില്‍ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. പേസ് ബൗളര്‍ മുറാ സിങ് ഓപണര്‍ അക്ഷയ് കോടോത്തിനെ (10) വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
37 റണ്‍സ് എടുക്കുന്നതിനിടെ കേരളത്തിന് ഓപണര്‍ വി എ ജഗദീഷ് (12), സഞ്ജു (1) എന്നിവരെക്കൂടി നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സചിന്‍-രോഹന്‍ സഖ്യമാണ് കേരളത്തെ കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഈ ജോടി 137 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
Next Story

RELATED STORIES

Share it