Life Style

രഞ്ജി ട്രോഫി:കേരളം 109നു പുറത്ത്; ഹിമാചലിന് ലീഡ്

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് സിയിലെ അവസാന മല്‍സരത്തില്‍ കേരളത്തിനെതിരേ ഹിമാചല്‍ പ്രദേശിനു നേരിയ മേല്‍ക്കൈ. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് കേവലം 103 റണ്‍സിന് അവസാനിച്ചു. മറുപടിയില്‍ ആദ്യദിനം ഹിമാചലിനെ കേരളം 163 റണ്‍സിനു പുറത്താക്കി. സന്ദര്‍ശകര്‍ ഇപ്പോള്‍ 60 റണ്‍സിനു മുന്നിലാണ്. 20 വിക്കറ്റുകളാണ് ആദ്യദിനം കടപുഴകിയത്.
രാവിലെ ഇന്നിങ്‌സ് ആരംഭിച്ച കേരളത്തെ മീഡിയം പേസ് ബൗളര്‍ റിഷി ധവാന്‍ ആദ്യ മൂന്ന് വിക്കറ്റുകളും എടുത്ത് സമ്മര്‍ദ്ദത്തിലാക്കി. ഇടംകൈയന്‍ സ്പിന്നര്‍മാര്‍ വന്നതോടെ കേരള ബാറ്റ്‌സ്മാന്മാര്‍ വട്ടംകറങ്ങി. 19.4 ഓവറില്‍ കേവലം 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ സിങാണ് കേരള ബാറ്റ്‌സ്മാന്മാരുടെ അന്തകനായത്.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (25), എസ് കെ മോനിഷ് (16*), മുഹമ്മദ് അസറുദ്ദീന്‍ (16) എന്നിവരൊഴികെ കേരള ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും രണ്ടക്കം കാണാനായില്ല. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 37 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സായിരുന്നു കേരളത്തിന്റെ സ്‌കോ ര്‍. ഉച്ചഭക്ഷണത്തിനുശേഷം 30 റണ്‍സ് കൂടി സ്‌കോര്‍ ചെയ്ത് കേരള ഇന്നിങ്‌സ് 103 റണ്‍സിന് അവസാനിച്ചു.
ഹിമാചലിന്റെ ഇന്നിങ്‌സ് ആരംഭിച്ചത് പ്രശാന്ത് ചോപ്രയും അങ്കുഷ് ബെയ്ന്‍സും കൂടിയാണ്. ഓപണിങ് കൂട്ടുകെട്ട് 55 റണ്‍സ് നേടിയതിന് ശേഷമാണ് വേര്‍പിരിഞ്ഞത്. 23 റണ്‍സ് നേടിയ ബെയ്ന്‍സിനെ മോനിഷ് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. 37.5 ഓവറില്‍ 163 റണ്‍സിന് ഹിമാചലിന്റെ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ടോപ്‌സ്‌കോററായത് 40 റണ്‍സെടുത്ത ഓപണര്‍ ചോപ്രയാണ്.
കേരളത്തിനായി മോനിഷും ഫാബിദ് അഹമ്മദും മൂന്നു വിക്കറ്റ് വീതവും അക്ഷയ് ചന്ദ്രന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കരസ്ഥമാക്കി.
Next Story

RELATED STORIES

Share it