Sports

രഞ്ജി: കേരളം-സര്‍വീസസ് മല്‍സരം സമനിലയില്‍

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വീണ്ടും സമനില. ഗ്രൂപ്പ് സിയില്‍ സര്‍വീസസിനോടാണ് കേരളം സമനില വഴങ്ങിയത്. എന്നാല്‍, അവസാന ദിനമായ ഇന്നലെ മികച്ച പ്രകടനം നടത്തിയ കേരളം ഒന്നാമിന്നിങ്‌സില്‍ ലീഡ് കരസ്ഥമാക്കി. ഇതോടെ മല്‍സരത്തില്‍ കേരളത്തിന് മൂന്ന് പോയിന്റ് ലഭിക്കുകയും ചെയ്തു.
ഒന്നാമിന്നിങ്‌സില്‍ ലീഡ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയ സര്‍വീസസിന് ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സ്‌കോര്‍: കേരളം 322, 176/3 ഡിക്ലയേര്‍ഡ്. സര്‍വീസസ് 319, 43/4. ഇന്നലെ ഏഴിന് 281 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച സര്‍വീസസിനെ 319 റണ്‍സിന് കേരളം പുറത്താക്കുകയായിരുന്നു. നാലു വിക്കറ്റ് വീതം വീഴ്ത്തിയ കെഎസ് മോനിഷിന്റെയും രോഹന്‍ പ്രേമിന്റെയും മികവാണ് കേരളത്തിന് ഒന്നാമിന്നിങ്‌സില്‍ ലീഡ് നേടിക്കൊടുത്തത്.
തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് തുടങ്ങിയ കേരളം മൂന്നു വിക്കറ്റിന് 176 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്തു. അക്ഷയ് കോഡോത്ത് (72), വിഎ ജഗദീഷ് (43), സചിന്‍ ബേബി (34) എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.
180 റണ്‍സ് വിജയലക്ഷ്യം തേടി രണ്ടാമിന്നിങ്‌സിനിറങ്ങിയ സര്‍വീസസിനെ ഞെട്ടിച്ചാണ് കേരളം സമനില സമ്മതിച്ചത്. രണ്ടാമിന്നിങ്‌സില്‍ 43 റണ്‍സെടുക്കുന്നതിനിടെ സര്‍വീസസിന് നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അതില്‍ മൂന്നു വിക്കറ്റും സചിന്‍ ബേബിക്കായിരുന്നു. ശേഷിക്കുന്ന ഒരു വിക്കറ്റ് മോനിഷ് കൈക്കലാക്കി.
Next Story

RELATED STORIES

Share it