രഞ്ജിത് മഹേശ്വരിയെ തിരിഞ്ഞുനോക്കാതെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍

കോട്ടയം: മല്‍സരത്തിനിടെ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ദേശീയ ട്രിപ്പിള്‍ജംപ് താരം രഞ്ജിത് മഹേശ്വരിയെ തിരിഞ്ഞുനോക്കാതെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍. ആസ്‌ത്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ യോഗ്യതാറൗണ്ട് മല്‍സരത്തിനിടെയാണു പരിക്കേറ്റത്. ഫോണ്‍ വിളിച്ച് ഒന്നന്വേഷിക്കാന്‍പോലും കൗണ്‍സില്‍ ഭാരവാഹികള്‍ തയ്യാറായില്ലെന്ന് രഞ്ജിത് കുറ്റപ്പെടുത്തുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായുള്ള യോഗ്യതാ റൗണ്ടില്‍ 16.51 മീറ്റര്‍ ചാടി ഒന്നാംസ്ഥാനത്തു നില്‍ക്കുമ്പോഴായിരുന്നു കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ് രഞ്ജിത് മഹേശ്വരിക്ക് പിന്‍മാറേണ്ടിവന്നത്. ഡല്‍ഹി അറ്റ്‌ലാന്റാ മെഡിവേള്‍ഡ് ആശുപത്രിയിലെ ശസ്ത്രക്രിയക്കുശേഷം കോട്ടയത്തെ വീട്ടില്‍ വിശ്രമത്തിലാണ് കായികതാരം.
ഏകദേശം മൂന്നുലക്ഷത്തോളം രൂപ ചികില്‍സയ്ക്കായി ചെലവായെങ്കിലും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവുമുണ്ടായില്ലെന്നാണ് രഞ്ജിത് പറയുന്നത്. മെഡലിനായി മുറവിളി ഉയര്‍ത്തുമ്പോഴും സ്‌പോര്‍ട്‌സ് കൗ ണ്‍സില്‍ ഭാരവാഹികള്‍ കായികതാരങ്ങളുടെ വീഴ്ചയില്‍ തിരിഞ്ഞുനോക്കാറില്ലെന്നു രഞ്ജിത് കൂട്ടിച്ചേര്‍ത്തു. ആറാഴ്ചത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പീന്നിട് ഫിസിയോതെറാപ്പിക്കു ശേഷം മാസങ്ങള്‍ കഴിഞ്ഞേ ഇനി കളത്തിലിറങ്ങാന്‍ കഴിയൂ. കോമണ്‍വെല്‍ത്ത് യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ട രഞ്ജിത്തിന് നാലാം ശ്രമത്തിലാണ് കുതിപ്പ് പിഴച്ചത്.
വിവരമറിഞ്ഞ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ രഞ്ജിത്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. രഞ്ജിത് മഹേശ്വരിക്ക് സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ഗസറ്റഡ് റാങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കണം. സര്‍ക്കാര്‍ ആവശ്യമായ സഹായം ചെയ്യുമെന്നാണു പ്രതീക്ഷയെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it