രജീന്ദര്‍ സച്ചാര്‍; കര്‍മനിരതനായ പോരാളി

ആബിദ്

കോഴിക്കോട്: രജീന്ദര്‍ സച്ചാറിന്റെ വിയോഗത്തോടെ നഷ്ടമായത് മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി സന്ധിയില്ലാസമരം നടത്തുകയും ഫാഷിസത്തിനെതിരേ കണിശമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ധീരനായ പോരാളിയെ. ഏഴുപതിറ്റാണ്ട് നീണ്ടുനിന്ന കര്‍മനിരതമായ പൊതുപ്രവര്‍ത്തനത്തിന് അന്ത്യംകുറിച്ച് വിടപറയുമ്പോള്‍ രാജ്യത്തെ പിന്നാക്ക, ന്യൂനപക്ഷ, ദലിത് ജനവിഭാഗങ്ങളും മര്‍ദിതരും പീഡിതരുമായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും നന്ദിയോടെയും അഭിമാനത്തോടെയും മാത്രമേ ആ നാമം ഓര്‍ക്കുകയുള്ളു. മു ന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ്ജസ്റ്റിസ് എന്ന വിശേഷണത്തേക്കാള്‍ തനിക്കിഷ്ടം പൊതുപ്രവര്‍ത്തകനാണെന്നു പറയുന്നതാണെന്ന് സച്ചാര്‍ തുറന്നുപ്രഖ്യാപിച്ചു.
ഒരുപക്ഷേ, സച്ചാര്‍ എന്ന ധീരനായ നിയമപരിപാലകനെ ഇന്ത്യ ഓര്‍ക്കുന്നതും അങ്ങനെ തന്നെയായിരിക്കും. സച്ചാര്‍ എന്ന നാമം ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് അദ്ദേഹം മുസ്്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് തയ്യാറാക്കിയ റിപോര്‍ട്ടിന്റെ പേരിലായിരുന്നല്ലോ. വസ്തുതകളുടെ പിന്‍ബലത്തോടെ സമര്‍പ്പിക്കപ്പെട്ട റിപോര്‍ട്ട് രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിവയ്ക്കാനെങ്കിലും സര്‍ക്കാരുകളെ നിര്‍ബന്ധിതരാക്കി.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഏറെ മാതൃകയാണ്. രാംമനോഹര്‍ ലോഹ്യയുമായും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട്് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന റാണയുടെ ഏകാധിപത്യപ്രവണതയ്‌ക്കെതിരേ ലോഹ്യയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കാളിയായതിന് അനുഭവിക്കേണ്ടിവന്ന ജയില്‍വാസത്തിനിടെയുണ്ടായ സംഭവങ്ങള്‍ സച്ചാറിന്റെ വ്യക്തിത്വം അടയാളപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ പിതാവ് ഭീം സെന്‍ സച്ചാര്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ജയില്‍വാസം. ജയിലിന്റെ കൂടി ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രിയോട് തന്റെ മോചനത്തിനായി ആവശ്യപ്പെട്ടില്ലെന്നു മാത്രമല്ല, ഔദ്യോഗിക ആവശ്യത്തിനായി ജയില്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ യാദൃച്ഛികമായാണ് അദ്ദേഹം ജയിലില്‍ മകനെ കണ്ടുമുട്ടുന്നതു തന്നെ.
പൗരസ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും ജവഹര്‍ലാല്‍ നെഹ്‌റു നല്‍കിയ പ്രാധാന്യം അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഓര്‍മപ്പെടുത്താനും അദ്ദേഹം മറന്നില്ല.
നിശ്ശബ്ദരായിരിക്കുക എന്നത് കുറ്റകരമാവുന്ന കാലമാണ് ഫാഷിസ്റ്റ് കാലമെന്ന അഭിപ്രായക്കാരനായിരുന്നു സച്ചാര്‍. സാമുദായികതലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഇതര പിന്നാക്കവിഭാഗങ്ങളോടൊന്നിച്ച് ശാക്തീകരണത്തിനു മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പലതവണ മുസ്്‌ലിംകളെ ഓര്‍മപ്പെടുത്തി. 1952ല്‍ അഭിഭാഷകനായ രജീന്ദര്‍ സച്ചാര്‍ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള യുഎന്‍ സബ് കമ്മിറ്റിയിലും അംഗമായിരുന്നു. 1985ലാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടത്. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ പരിഗണിക്കണമെന്ന് ഒരുവിഭാഗം സാമൂഹികപ്രവര്‍ത്തകരും അഡ്വക്കറ്റുകളും വിമുക്തഭടന്മാരും മാധ്യമപ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും അഭ്യര്‍ഥിച്ചിരുന്നെങ്കിലും അതു നടക്കാതെ പോയി.
Next Story

RELATED STORIES

Share it