രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു

കൊച്ചി: മതവിദ്വേഷം ജനിപ്പിക്കുന്ന പാഠപുസ്തകം പീസ് സ്‌കൂളില്‍ പഠിപ്പിച്ചെന്ന കേസില്‍ സ്‌കൂള്‍ എംഡി എം എം അക്ബറിന് എതിരേ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു.
തൃശൂരിലെ കാട്ടൂര്‍, കൊല്ലം ജില്ലയിലെ കൊട്ടിയം എന്നീ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നടപടികളാണ് സിംഗിള്‍ബെഞ്ച് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. ഒരു പാഠപുസ്തകം പഠിപ്പിച്ചതിന് എറണാകുളത്തെ പാലാരിവട്ടം, കൊല്ലത്തെ കൊട്ടിയം, തൃശൂരിലെ കാട്ടൂര്‍ എന്നീ പോലിസ് സ്‌റ്റേഷനുകളില്‍ നിലവിലുള്ള കേസുകള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെടുന്ന ഹരജിയിലാണ് ഉത്തരവ്. ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളെ മാത്രമാണ് പ്രതിചേര്‍ത്തതെന്ന് ഹരജിയി ല്‍ പറയുന്നു. എന്നാല്‍, പിന്നീട് തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്തു. മുംബൈയിലെ ബുറൂജ് പബ്ലിക്കേഷന്‍സില്‍ നിന്നാണ് സ്‌കൂളില്‍ മതപഠന ക്ലാസില്‍ പഠിപ്പിക്കാനുള്ള പുസ്തകം വരുത്തിയത്.
2009 മുതല്‍ രാജ്യത്ത് 400ലേറെ സ്‌കൂളുകളില്‍ ഈ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി മാത്രം തയ്യാറാക്കിയിരുന്ന ഇത് കേരളത്തില്‍ 12 സ്‌കൂളുകളില്‍ പഠിപ്പിക്കുന്നുണ്ട്. ഇതുവരെ ഈ ഭാഗം സ്‌കൂളുകളില്‍ പഠിപ്പിച്ചിട്ടില്ല. ഇതിന്റെ പേരില്‍ പബ്ലിഷറെയും പ്രതിചേര്‍ത്ത് ഭാരവാഹികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി 24ന് തന്നെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് ദിവസത്തേക്ക് ചോദ്യംചെയ്യലിന് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പാലാരിവട്ടത്തെ കേസില്‍ അറസ്റ്റ് ചെയ്ത ശേഷം മറ്റ് രണ്ട് കേസില്‍ കൂടി പോലിസ് കസ്റ്റഡിയും റിമാന്‍ഡും ആവശ്യപ്പെടുകയാണ്. പീസ് എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ എംഡി എന്ന നിലയില്‍ പുസ്തകം തിരഞ്ഞെടുത്തതിന്റെ പേരില്‍ സമാനമായ ഒന്നിലേറെ എഫ്‌ഐആറും അന്വേഷണവും സാധ്യമല്ല. ഒരേ ആരോപണത്തില്‍ അറസ്റ്റും തുടര്‍നടപടികളും ആവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ കേസുകള്‍ റദ്ദാക്കണം. മതസ്പര്‍ധ വളര്‍ത്താനുള്ള നടപടികളൊന്നും ഹരജിക്കാരനില്‍ നിന്നുണ്ടായിട്ടില്ലാത്തതിനാല്‍ ഈ ആരോപണം നിലനില്‍ക്കുന്നതല്ല. അടിയന്തരമായി സമാന ആരോപണത്തില്‍ നിലവിലുള്ള രണ്ട് കേസുകളിലെ തുടര്‍നടപടികള്‍ തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കോടതി എഫ്‌ഐആറിലെ തുടര്‍നടപടികളില്‍ ഒരാഴ്ച സ്‌റ്റേ അനുവദിച്ചത്.
Next Story

RELATED STORIES

Share it