thrissur local

രജിസ്റ്റര്‍ ഓഫിസ് അന്നമനടയില്‍ നിലനിര്‍ത്തണം: പരാതി നല്‍കി

മാള: അന്നമനട രജിസ്റ്റര്‍ ഓഫീസ് അന്നമനടയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി പി എം അന്നമനട ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന് പരാതി നല്‍കി. അന്നമനട രജിസ്റ്റര്‍ ഓഫീസ് നിലവില്‍ അന്നമനട ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ എല്‍ ഡി എഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 10 സെന്റ് സ്ഥലം പുതിയ ഓഫീസ് കെട്ടിടത്തിനായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ സ്ഥലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സാങ്കേതിക പ്രശ്‌നം പരിഹരിക്കാനായി വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അന്നമനട ഗ്രാമപഞ്ചായത്ത് ഹാളില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ യോഗം ചേരുകയും സാങ്കേതിക കാരണങ്ങളാല്‍ ഭൂമി ഉപയോഗിക്കാന്‍ കഴിയില്ലയെന്ന തീരുമാനത്തിന് നിയമപരമായി മറികടക്കാനാകുമെന്നും തീരുമാനിച്ചു.
അവിടെ തന്നെ കെട്ടിടം നിര്‍മ്മാണം നടത്താനായി ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയുമുണ്ടായി. എന്നാല്‍ ഇതിനിടയില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തന്റെ സ്വകാര്യ നേട്ടത്തിനായി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി രജിസ്റ്റര്‍ ഓഫീസിന് അനുയോജ്യമാണെന്ന് ഒരു പുതിയ നിര്‍ദ്ദേശം സമര്‍പ്പിക്കുകയും വീണ്ടും ആശയക്കുഴപ്പം സൃഷ്ടിക്കുകയുമുണ്ടായി.
ഇപ്പോള്‍ സ്ഥലമെടുപ്പും നിര്‍മ്മാണവും അനിശ്ചിതത്വത്തിലായിരിക്കയാണ്. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it