രജനി ഉന്നമിടുന്നത് തമിഴ് ജനതയുടെ താരാരാധന

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയം വേരൂന്നിയ തമിഴ്മണ്ണില്‍ ഇതിനോടൊപ്പംതന്നെ ശക്തമായ സാന്നിധ്യമാണ് സിനിമാതാരങ്ങളോടുള്ള പ്രതിപത്തി. കേരളമൊഴികെയുള്ള തെന്നിന്ത്യയുടെ രാഷ്ട്രീയം എന്നും അഭ്രപ്പാളിയിലെ താരങ്ങളെ മനസ്സാവഹിച്ച പാരമ്പര്യം നിലനില്‍ക്കെയാണ് കര്‍ണാടകയില്‍ ജനിച്ച് തമിഴ്മനം കീഴടക്കിയ രജനികാന്ത് എന്ന സുപ്പര്‍ സ്റ്റാറിന്റെ രാഷ്ട്രീയപ്രവേശന പ്രഖ്യാപനം.
അണ്ണാദുരൈ ആളിക്കത്തിച്ച ദ്രാവിഡ വികാരമാണ് പിന്നീട് അതിനെത്തന്നെ പിന്‍പറ്റി സിനിമാ പ്രഭാവത്തിന് തുടക്കമിടുന്നത്. രജനികാന്ത് എന്ന സൂപ്പര്‍താരം തമിഴ് രാഷ്ട്രീയത്തെ മൊത്തമായി തനിച്ചു ചുമലിലേറ്റുമെന്ന് വാഗ്ദാനംനല്‍കി രാഷ്ട്രീയ ഗോദയില്‍ തന്റെ ഇടം അടയാളപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഇതേ കളരിയില്‍ വീറോടെ വാണ താരങ്ങളും വീണ താരങ്ങളും നിരവധി.
സിനിമയിലേതിനു സമാനമായി ഒറ്റദിവസം കൊണ്ട് അധികാരത്തിലെത്താനും സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാനും യഥാര്‍ഥ രാഷ്ട്രീയത്തിനാവില്ലെന്ന തിരിച്ചറിവ് ഒരു പക്ഷേ രജനികാന്തിന്റെ കടന്നുവരവിനില്ലെന്നു കണക്കാക്കേണ്ടിവരും. തെന്നിന്ത്യന്‍ രാഷ്ട്രീയത്തിന്‍ വെന്നിക്കൊടി പാറിച്ച മുന്‍ സിനിമാതാരങ്ങളുടെ വളര്‍ച്ച ഇക്കാലയളവില്‍ രജനിക്ക് സ്വന്തമാവുമോ എന്നും സംശയിക്കേണ്ടിവരും. ഫാന്‍സ് അസോസിയേഷനുകളെ പാര്‍ട്ടി കമ്മിറ്റികളാക്കി മാറ്റിയുള്ള പ്രവര്‍ത്തനമാവും രജനി ലക്ഷ്യമിടുന്നത്.
1982ല്‍ പാര്‍ട്ടി രുപീകരിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ അധികാരത്തിലെത്തിയ എന്‍ ടി രാമറാവുവിന്റെ പാതയാണ് രജനി ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയമല്ല ഇന്ന് രാജ്യത്തും തമിഴ്‌നാട്ടിലും ഉള്ളത്. അണ്ണാദുരൈ ഉയര്‍ത്തിവിട്ട ദ്രാവിഡ വികാരവും കരുണാനിധിയെന്ന രാഷ്ട്രീയാചാര്യന്റെ പിന്തുണയും ഒരുമിപ്പിച്ച് ഘട്ടംഘട്ടമായ വളര്‍ച്ചയായിരുന്നു എം ജി രാമചന്ദ്രന്‍ എന്ന എംജിആറിന്റെ കരുത്ത്. തമിഴ്മനം കവര്‍ന്ന എംജിആര്‍ എന്ന താരത്തിന്റെ വ്യക്തിപ്രഭാവം തന്നെയായിരുന്നു അദ്ദേഹത്തിനു പിറകെയെത്തിയ ജയലളിതക്കും തുണയായത്.
തെന്നിന്ത്യന്‍ രാഷ്ട്രീയത്തില്‍ വെന്നിക്കൊടി പാറിച്ച ഇവര്‍ക്കു പുറമെ സിനിമാതാരങ്ങളായ വിജയകാന്ത്, അഭിനയ കുലപതി ശിവാജി ഗണേശന്‍ എന്നിവരും തമിഴ്‌നാടിന്റെ രാഷ്ട്രീയത്തില്‍ അങ്കംകുറിച്ചവരാണ്. ദ്രാവിഡ വികാരത്തെ കൈവിടാതെ 2005ല്‍ ഡിഎംഡികെ എന്ന രാഷ്ട്രീയപാര്‍ട്ടി രുപീകരിച്ചായിരുന്നു ശിവാജി ഗണേഷന്റെ രംഗപ്രവേശനം. 2006ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഡിഎംഡികെ  മല്‍സരിച്ചെങ്കിലും വിജയകാന്തിനു മാത്രമായിരുന്നു ജയം നേടാനായത്.
എംജിആറിന്റെയും ശിവാജി ഗണേശന്റെയും സമകാലീനനായ എസ് എസ് രാജേന്ദ്രന്‍ അണ്ണാദുരെയുടെ കൈപിടിച്ചെത്തിയ മറ്റൊരു സിനിമാക്കരനായ നേതാവാണ്. സ്വതന്ത്ര ഇന്ത്യയില്‍ സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സിനിമാനടനുമായിരുന്നു ഇദ്ദേഹം.
ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖനായ കമല്‍ഹാസന്‍ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതും തനിക്ക് പകരക്കാരനില്ലാതെ പാര്‍ട്ടിയെ നയിച്ച ജയലളിതയുടെ പിന്‍ഗാമിയായി അജിത്കുമാര്‍ എന്ന യുവനടന്റെ പേരുയര്‍ന്നുവന്നതും ജയലളിതയുടെ മണ്ഡലത്തില്‍ യുവനടന്‍ വിശാല്‍ മല്‍സരിക്കാനൊരുങ്ങിയതും തമിഴ് ജനതയ്ക്ക് സിനിമാതാരങ്ങളോടുള്ള താല്‍പര്യം ലക്ഷ്യമിട്ടാണെന്നതും വ്യക്തം.
Next Story

RELATED STORIES

Share it