kasaragod local

രഘുവീരന്‍ വധക്കേസ്: പുനരന്വേഷണം വേണമെന്ന് പ്രതിയുടെ ഭാര്യ



അജാനൂര്‍: രാവണേശ്വരം കൊട്ടിലങ്കാട്ടിലെ എരോല്‍ രഘുവീര(50)നെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ പ്രതിയെ രക്ഷപ്പെടുത്താന്‍ തന്റെ ഭര്‍ത്താവിനെ ബലിയാടാക്കുകയായിരുന്നുവെന്ന പരാതിയുമായി ഭാര്യ രംഗത്തുവന്നു. കേസില്‍ അറസ്റ്റിലായ സുഹൃത്ത് തൊട്ടയില്‍ ഗോപിനാഥന്റെ ഭാര്യ സരോജിനിയാണ് പരാതിയുമായി എത്തിയത്. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് രാവിലെയാണ് രഘുവീരനെ രാവണേശ്വരം സ്‌കൂളിന് സമീപത്തെ ഉദ്ഘാടനം ചെയ്യാത്ത കടയുടെ വരാന്തയില്‍ കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തില്‍ മരണം കൊലപാതകമാമെന്ന് തെളിഞ്ഞിരുന്നു. രഘുവീരന്‍ മരിച്ചുകിടന്ന കടയുടെ പിറകില്‍ സെപ്റ്റിക് ടാങ്ക് കുഴിക്കാന്‍ ഗോപിയും രഘുവീരനും 5000 രൂപയ്ക്ക് കരാര്‍ എടുത്തിരുന്നു. ഈ തുക വിഹിതം വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഗോപിനാഥനെ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തിരുന്നു. രഘുവീരന്റെ കൊലപാതകവുമായി തന്റെ ഭര്‍ത്താവിന് ബന്ധമില്ലെന്നും സംഭവസമയം ഗോപിനാഥന്‍ രാവണേശ്വരത്ത് ഉണ്ടായിരുന്നില്ലെന്നും സരോജിനി മനുഷ്യാവകാശ കമ്മീഷന്‍, മുഖ്യമന്ത്രി, റവന്യൂമന്ത്രി, കാഞ്ഞങ്ങാട് ഡിവൈഎസ്പി എന്നിവര്‍ക്ക് ന ല്‍കിയ പരാതിയില്‍ പറയുന്നു. കൊലപാതകത്തെ തുടര്‍ന്ന് തന്റെ ഭര്‍ത്താവിനേയും മറ്റൊരാളേയും പോലിസ് പിടികൂടിയെങ്കിലും മറ്റെയാളെ വിട്ടയച്ച് തന്റെ ഭര്‍ത്താവിനെകൊണ്ട് നിര്‍ബന്ധപൂര്‍വം കുറ്റം ഏറ്റെടുപ്പിക്കുകയായിരുന്നുവെന്നും ഇക്കാര്യം ജയില്‍ സന്ദര്‍ശിച്ച ബന്ധുക്കളോട് വെളിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോപിനാഥിന്റെ മൊഴി ജയിലില്‍ നിന്നും എടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it