Flash News

രഘുറാം രാജനെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കാനൊരുങ്ങി എഎപി



ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്കു മല്‍സരിപ്പിക്കുന്നതിന് ആംആദ്മി പാര്‍ട്ടി ശ്രമം തുടങ്ങി. പാര്‍ട്ടി ഇതിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ അടുത്ത വര്‍ഷം ആദ്യം മൂന്നു രാജ്യസഭാ സീറ്റിന്റെ ഒഴിവുണ്ടാവും. സ്വന്തം നേതാക്കളെ എഎപി രാജ്യസഭയിലേക്കു മല്‍സരിപ്പിക്കില്ലെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് 66 അംഗങ്ങളുടെ ശക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ മൂന്നു സീറ്റിലും വിജയം ഉറപ്പാണ്. മറ്റു രണ്ടു സീറ്റുകളില്‍ അറിയപ്പെടുന്ന നിയമജ്ഞനെയും സാമൂഹിക പ്രവര്‍ത്തകനെയും മല്‍സരിപ്പിക്കാനാണു പാര്‍ട്ടി ഉദ്ദേശിക്കുന്നത്. രഘുറാം രാജന് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം പ്രതികരണം അറിയിച്ചിട്ടില്ലെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടിക്കകത്തെ ഭിന്നത അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു സ്വന്തം നേതാക്കളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യാതിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച കുമാര്‍ വിശ്വാസ് രാജ്യസഭാ സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിച്ചിരുന്നു. ജനാര്‍ദ്ദന്‍ ദ്വിവേദി, പര്‍വേഷ് ഹശ്മി, കരണ്‍ സിങ് എന്നീ രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് അടുത്ത ജനുവരിയില്‍ അവസാനിക്കുന്നത്.
Next Story

RELATED STORIES

Share it