രഘുറാം രാജനെതിരായ സ്വാമിയുടെ നീക്കം ആര്‍എസ്എസ് പിന്തുണയോടെ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരേ ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യം സ്വാമിയുടെ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിലെ ഒരുവിഭാഗത്തിന്റെയും ആര്‍എസ്എസിന്റെയും പിന്തുണയോടെ. മാനസികമായി രഘുറാം രാജന്‍ ഇന്ത്യക്കാരന്‍ അല്ലെന്നും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ നശിപ്പിക്കുന്ന അദ്ദേഹത്തെ അടിയന്തരമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ആര്‍ബിഐ ഗവര്‍ണര്‍ക്കെതിരേ സുബ്രഹ്മണ്യം സ്വാമി പരസ്യമായി രംഗത്തുവരുന്നത്. രഘുറാം രാജന്റെ പല നിലപാടുകളോടും ആര്‍എസ്എസിനും സര്‍ക്കാരിനും വിയോജിപ്പുണ്ടായിരുന്നു. ഇതിനൊടുവിലാണ് അദ്ദേത്തെ നീക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് രഘുറാമിന്റെ മൂന്നുവര്‍ഷത്തെ കാലാവധി സപ്തംബറില്‍ അവസാനിക്കാനിരിക്കുകയാണ്. രഘുറാമിന്റെ മുന്‍ഗാമികള്‍ക്കു കാലാവധി നീട്ടിനല്‍കി അഞ്ചുവര്‍ഷം തികയ്ക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ അവസരം നല്‍കിയിരുന്നു.
2013ല്‍ യുപിഎ കാലത്താണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റത്. 2014 മെയില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തുമ്പോള്‍ സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്ന രഘുറാം രാജന്‍ പിന്നീട് പലകാരണങ്ങളാല്‍ അകന്നു.
രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ പ്രതികരിച്ച എഴുത്തുകാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും കലാകാരന്‍മാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞവര്‍ഷം രഘുറാം രാജനും രംഗത്തുവന്നത് ആര്‍എസ്എസിന്റെയും സര്‍ക്കാരിന്റെയും അനിഷ്ടത്തിനു കാരണമായി. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരിക്കെ ഇസ്‌ലാമിക ബാങ്കിങിന് അനുകൂലമായി രഘുറാം രാജന്‍ നിലപാടെടുത്തിരുന്നു. പിന്നീട് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോള്‍ ഇസ്‌ലാമിക് ബാങ്കിങ് സമ്പ്രദായം യഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയി. എന്നാല്‍ കഴിഞ്ഞവര്‍ഷമാദ്യം ഇസ്‌ലാമിക് ബാങ്കിങ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്ക് കത്തെഴുതിയതോടെ അത് ഇല്ലാതായി.
രഘുറാം രാജന് കാലാവധി നീട്ടിനല്‍കണമെന്ന് ജെയ്റ്റ്‌ലിയടക്കമുള്ളവര്‍ക്കു താല്‍പര്യമുണ്ട്. അതിനാലാണ് പ്രധാനമന്ത്രിക്കു ധൃതിപ്പെട്ട് സ്വാമി കത്തയച്ചത്. സുബ്രഹ്മണ്യം സ്വാമിയുടെ കത്തോടെ രഘുറാം രാജന്‍ വിഷയം പൊതുസമൂഹത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞെന്ന് സര്‍ക്കാര്‍ കരുതുന്നു. അതിനാല്‍, കാര്യമായ എതിര്‍പ്പില്ലാതെ ഇനി ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കാനാവുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
Next Story

RELATED STORIES

Share it