Kollam Local

രക്ഷിതാക്കളെ അണിനിരത്തി സ്‌കൂള്‍ തുറക്കാന്‍ മാനേജ്‌മെന്റ് ശ്രമം ആരംഭിച്ചു



കൊല്ലം: ഗൗരിയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ തുറക്കാന്‍ നീക്കം. സമരത്തെ നേരിടാന്‍ മാനേജ്‌മെന്റിന് ഒരു വിഭാഗം രക്ഷകര്‍ത്താക്കള്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സ്‌കൂള്‍ തുറക്കാന്‍ നീക്കം നടക്കുന്നത്. അതേ സമയം ആരോപണം ഉന്നയിക്കപ്പെടുന്ന മുഴുവന്‍ ജീവനക്കാരേയും പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥി സംഘടനകള്‍.സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഇരുപതാം തിയ്യതിയാണ് ട്രിനിറ്റി ലൈസിയം സ്‌കൂള്‍ അടച്ചുപൂട്ടിയത്. പെണ്‍കുട്ടി മരിച്ചതോടെ സ്‌കൂളിനെതിരായ പ്രതിഷേധം ശക്തമായി. പ്രതിഷേധ മാര്‍ച്ചുമായി എത്തിയ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ തുറക്കാന്‍ മാനേജ്‌മെന്റ് രക്ഷകര്‍ത്താക്കളുടേയും കലക്ടറുടേയും സഹായം അഭ്യര്‍ഥിച്ചത്. കഴിഞ്ഞ ദിവസം നടന്ന പിടിഎ മീറ്റിങ്ങില്‍ ഒരു വിഭാഗം രക്ഷകര്‍ത്താക്കള്‍ മാനേജ്‌മെന്റിന് പിന്തുണ പ്രഖ്യാപിച്ചു. സമരമുണ്ടായാല്‍ രക്ഷാകര്‍ത്താക്കളെ അണി നിരത്തി തടയാനാണ് മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ തീരുമാനം.അതേ സമയം പിടിഎ മീറ്റിങ്ങില്‍ ഭൂരിഭാഗം രക്ഷിതാക്കളും മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അതേസമയം പ്രിന്‍സിപ്പലിനെയും മാനേജ്‌മെന്റിനെയും കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യവുമായി ഗൗരിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it