രക്ഷാസമിതി അടിയന്തര യോഗം

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ ഭൂപ്രദേശങ്ങളിലെ സ്‌ഫോടനാത്മകമായ സ്ഥിതി ചര്‍ച്ചചെയ്യുന്നതിന് യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. ഫലസ്തീനികളും ഇസ്രായേല്‍ അധിനിവേശസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണിത്. ജോര്‍ദാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു യോഗം. ഫലസ്തീന്‍ ജനതയ്‌ക്കെതിരേ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്തം രക്ഷാസമിതി ഏറ്റെടുക്കണമെന്ന് യുഎന്നിലെ ഫലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ ആവശ്യപ്പെട്ടു. സ്‌ഫോടനാത്മകമായ അവസ്ഥയാണിപ്പോള്‍ ഫലസ്തീനിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ മണ്ണിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിനും സിവിലിയന്‍മാരെ സംരക്ഷിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മസ്ജിദുല്‍ അഖ്‌സയ്ക്കു നേരെയുള്ള അതിക്രമങ്ങളോടുള്ള പ്രതികരണമായി കുടിയേറ്റക്കാര്‍ക്കെതിരേയും ഇസ്രായേല്‍ സൈനികര്‍ക്കെതിരേയും നിരവധി ആക്രമണങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചകളില്‍ നടന്നിട്ടുണ്ട്.

ഈ കാലയളവില്‍ മുപ്പതിലേറെ ഫലസ്തീനികള്‍ രക്തസാക്ഷികളാവുകയും 1948നും 1967നും ഇടയില്‍ അധിനിവേശം നടത്തിയ പ്രദേശങ്ങളില്‍ ഏഴ് ഇസ്രായേലികള്‍ കൊല്ലപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര സേനയെ ഖുദ്‌സില്‍ വിന്യസിക്കുന്നതടക്കമുള്ള നടപടികളിലൂടെ ഫലസ്തീന്‍ ജനതയെ സംരക്ഷിക്കണമെന്നു ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് സമാധാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അവിടം സന്ദര്‍ശിക്കുമെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. അതേസമയം, ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ യുവാക്കളെ വകവരുത്തുകയാണെന്ന ആരോപണം ഉന്നയിച്ചതിലൂടെ മഹ്മൂദ് അബ്ബാസ് അക്രമത്തിനു പ്രേരിപ്പിക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു.ഫലസ്തീന്‍ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നതിനു ഇസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.  ഖുദ്‌സിന്റെ കവാടങ്ങളിലും പ്രധാന റോഡുകളിലും കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
Next Story

RELATED STORIES

Share it