Idukki local

രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ യുവാവ് ദുരിതത്തില്‍

കട്ടപ്പന: ഉരുള്‍പൊട്ടല്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കാലിനു പരിക്കേറ്റ യുവാവ് യുവാവ് ദുരിതത്തില്‍. പരസഹായമില്ലാതെ നടക്കാന്‍പോലും കഴിയാത്തതിനാല്‍ നിത്യച്ചെലവിനുള്ള വക വീട്ടിലേക്കു കണ്ടെത്താനും ബുദ്ധിമുട്ടുകയാണ്. കൊച്ചുകാമാക്ഷി ഇടാട്ടയില്‍ ശ്രീകാന്തിന് (33) ആണ് പരിക്കേറ്റത്. ഏഴു ദിവസത്തോളം ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചെങ്കിലും മുറിവ് ഉണങ്ങുകയോ നീര് കുറയുകയോ ചെയ്തില്ല. സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഡിസ്ചാര്‍ജ് വാങ്ങി വീട്ടില്‍ വിശ്രമിക്കുകയാണ് ഈ യുവാവ്. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്നു കഴിഞ്ഞ 18നു തടിയമ്പാടിനു സമീപം ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയവരില്‍ ശ്രീകാന്തും ഉണ്ടായിരുന്നു. കല്ലും മരത്തടികളും വകവയ്ക്കാതെയുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ കല്ലുവീണു ശ്രീകാന്തിന്റെ കാലിനു പരുക്കേറ്റെങ്കിലും കാര്യമാക്കിയിരുന്നില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്യാംപുകളിലും മറ്റുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ഒരു മാസത്തോളം ചികിത്സ തുടരേണ്ട സാഹചര്യമാണെങ്കിലും അതിനുള്ള പണം കണ്ടെത്താന്‍ കുടുംബം ബുദ്ധിമുട്ടുകയാണ്. പ്രാദേശിക സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറിക്കടയിലാണു ശ്രീകാന്ത് ജോലിചെയ്യുന്നത്. അമ്മയും സഹോദരനുമടങ്ങുന്നതാണു ശ്രീകാന്തിന്റെ കുടുംബം. ഇടതുകാലിനു പൊട്ടലും ഇരുകാലുകളിലും മുറിവും നീരുമുണ്ട്.

Next Story

RELATED STORIES

Share it