Flash News

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ അനുഭവപ്പെടുന്ന കനത്ത മഴയ്ക്കു ശമനമില്ല. ചുഴലിക്കാറ്റില്‍പ്പെട്ട് ഇന്നലെ മൂന്നുപേരുടെ ജീവനാണ് നഷ്ടമായത്. തിരുവനന്തപുരത്ത് രണ്ടും കാസര്‍കോട്ട് ഒരാളുമാണ് മരിച്ചത്. ഇതോടെ ഓഖി ദുരന്തത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഏഴായി. അതിനിടെ,കേരള തീരത്തിനു പത്തു കിലോമീറ്റര്‍ അകലെ വരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരും. കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഡിസംബര്‍ 2 രാത്രി 11.30 വരെ 2 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്‌നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും. ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ അടുത്ത ഏഴു ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് സര്‍ക്കാര്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് കടലില്‍ നിന്നു രക്ഷപ്പെടുത്തി കരയിലെത്തിച്ച പൂന്തുറ സ്വദേശികളായ സേവ്യര്‍ ലൂയിസ് (57), ക്രിസ്റ്റി സില്‍വദാസന്‍ (51) എന്നിവരാണ് മരിച്ചത്.കാസര്‍കോട് നീലേശ്വരത്ത് കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് മല്‍സ്യബന്ധനത്തിനു പോയ ബോട്ട് മറിഞ്ഞ് ഒരു തൊഴിലാളിയെ കാണാതായി. രണ്ടു പേരെ രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട് പുതിയ വളപ്പ് കടപ്പുറത്തെ സുനിലി(40)നെയാണ് കാണാതായത്. അതേസമയം, ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എത്ര പേരെ കാണാതായെന്ന കാര്യത്തില്‍ കൃത്യമായ കണക്ക് ലഭ്യമല്ല.വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്. അതിനു ശേഷം അടിയന്തര നടപടികള്‍ സ്വീകരിച്ചു. കടലില്‍ അപകടത്തില്‍പ്പെട്ട 33 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്.  33 വള്ളങ്ങളിലുള്ള തൊഴിലാളികളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, തൊഴിലാളികള്‍ വള്ളം ഉപേക്ഷിച്ച് കപ്പലില്‍ കയറാന്‍ തയ്യാറല്ല. ഭക്ഷണം ലഭിച്ചാല്‍ മതി, കടലില്‍ തന്നെ തുടരാമെന്നാണ് അവരുടെ നിലപാട്. അല്ലെങ്കില്‍ വള്ളം കരയിലേക്ക് എത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്  -മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ രാത്രി വൈകിയും തുടരുകയാണ്. കൊല്ലത്ത് ഉള്‍ക്കടലില്‍ ഒരു പ്രത്യേക സ്ഥലത്ത് 22 മല്‍സ്യബന്ധന ബോട്ടുകള്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നേവിയുടെ കപ്പല്‍ രക്ഷാദൗത്യവുമായി തിരിച്ചിട്ടുണ്ട്. കാണാതായ 38 ഫിഷിങ് ബോട്ടുകള്‍ കണ്ടെത്തിയതായി നേവി അറിയിച്ചു. മറ്റ് ബോട്ടുകള്‍ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. നാവികസേനയുടെ ഷാര്‍ധൂ, നിരീക്ഷക്, കബ്രാ, കല്‍പേനി കപ്പലുകളാണ് രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കുന്നത്. കൂടാതെ നേവിയുടെ തന്നെ ഏഴു കപ്പലുകളുമുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു കപ്പലുകളും ഹെലികോപ്റ്ററുകളും നാവികസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും രണ്ടു വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സതേണ്‍ നേവല്‍ കമാന്‍ഡിന്റെ റിയര്‍ അഡ്മിറല്‍ ആര്‍ ജെ നട്കര്‍ണി, കമാന്‍ഡോ ദീപക് കുമാര്‍, ക്യാപ്റ്റന്‍ സുദീപ് നായിക് എന്നിവരാണ് നേവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രണ്ടു കപ്പലുകള്‍ ലക്ഷദ്വീപിലേക്കും പുറപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ടു സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.  214 മല്‍സ്യബന്ധന തൊഴിലാളികളെയാണ് കടലില്‍ നിന്നു രക്ഷപ്പെടുത്തിയിട്ടുള്ളത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയോഗിച്ചു. 60ഓളം മല്‍സ്യത്തൊഴിലാളികളെ ഉള്‍ക്കടലില്‍ നിന്ന് ജപ്പാന്‍ ചരക്കുകപ്പല്‍ രക്ഷപ്പെടുത്തി.  കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ ഇവരെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. കരയിലെത്തിച്ചവരെ  ആശുപത്രികളിലേക്ക് മാറ്റി. കനത്ത മഴയില്‍ സംസ്ഥാനത്താകെ 56 വീടുകള്‍ പൂര്‍ണമായും 799 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 29 ദുരിതാശ്വാസ ക്യാംപുകള്‍ വിവിധയിടങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. 491 കുടുംബങ്ങളിലെ 2,755 പേരെയാണ് ക്യാംപുകളില്‍ താമസിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം 18, കൊല്ലം അഞ്ച്, ആലപ്പുഴ രണ്ട്, എറണാകുളം മൂന്ന്, തൃശൂര്‍ ഒന്ന് എന്നിങ്ങനെയാണ് ക്യാംപുകള്‍.  രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപിച്ച് തെക്കന്‍ ജില്ലകളില്‍ പല സ്ഥലത്തും ജനങ്ങള്‍ വെള്ളിയാഴ്ച രാവിലെ പ്രതിഷേധിച്ചിരുന്നു.  കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡയറക്ടര്‍ ജനറലുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു തലസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍. രാവിലെ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.  സെക്രട്ടേറിയറ്റില്‍ മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അപ്പപ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടായിരുന്നു.അതിനിടെ, ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായതായി ആരോപണം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും ഇക്കാര്യത്തില്‍ ജാഗ്രത കാട്ടിയില്ല. മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന് മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. ജാഗ്രതാ നിര്‍ദേശം ലഭിച്ചില്ലെന്ന് മല്‍സ്യത്തൊഴിലാളികളും പറയുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മാത്രമാണ് വിവരം റവന്യൂ മന്ത്രിയെ അറിയിച്ചതെന്നാണ് സൂചനകള്‍.
Next Story

RELATED STORIES

Share it