രക്ഷാപ്രവര്‍ത്തനം ആറാംദിവസം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം ആറാം ദിവസവും ഊര്‍ജിതം. ഇന്നലെ വിവിധ മേഖലകളിലായി നടത്തിയ തിരച്ചിലില്‍ 32 പേര്‍ കരയിലെത്തി. 75 മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം. ഇന്നു മുതല്‍ കൊച്ചി കേന്ദ്രീകരിച്ചാവും തിരച്ചില്‍ നടത്തുക. രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടാനാണ് ഈ മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. തിരച്ചിലിന്റെ ദൂരപരിധി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കടലില്‍ അകപ്പെട്ടുപോയ എല്ലാവരും തിരിച്ചെത്തുംവരെ തിരച്ചില്‍ തുടരാനാണ് തീരുമാനം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാണ്. മന്ത്രിമാര്‍ക്കെതിരേയുള്ള പ്രതിഷേധത്തിനൊപ്പം ഇന്നലെ ദുരന്തനിവാരണ അതോറിറ്റി ഓഫിസിലേക്ക് മല്‍സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷനാണ് മാര്‍ച്ച് നടത്തിയത്. മണിക്കൂറുകളോളം നീണ്ട പ്രതിഷേധം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് അവസാനിപ്പിച്ചത്. അതേസമയം, ചുഴലിക്കാറ്റ് മൂലം നാശനഷ്ടമുണ്ടായവര്‍ക്ക് വേഗത്തില്‍ സഹായം ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. നിലവിലുള്ള മാനദണ്ഡപ്രകാരം നഷ്ടപരിഹാരത്തുക വളരെ കുറഞ്ഞതാണെങ്കില്‍ അതില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ കലക്ടര്‍മാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കണം. ക്യാംപുകളിലെ ശുചിത്വം പ്രധാന കാര്യമാണ്. വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കണം. ദുരിതാശ്വാസരംഗത്ത് ജില്ലാ ഭരണസംവിധാനങ്ങള്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലിയുണ്ടാവുന്നത്. ഇതുസംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പൊന്നും ലഭിച്ചില്ല. അതാണ് കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടാക്കിയത്. എത്ര മല്‍സ്യത്തൊഴിലാളികള്‍ എവിടെനിന്നൊക്കെ കടലില്‍ പോയി എന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇതു പരിഹരിക്കുന്നതിന് സംവിധാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടല്‍ക്ഷോഭത്തില്‍ നിന്നു രക്ഷപ്പെട്ട് കോഴിക്കോട്ടെത്തിയ ലക്ഷദ്വീപുകാര്‍ക്ക് എല്ലാവിധ സഹായവും ലഭ്യമാക്കണമെന്ന് കോഴിക്കോട് കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.അതിനിടെ, ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആഴക്കടലില്‍ പെട്ടുപോയവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി മല്‍സ്യത്തൊഴിലാളികളുടെ ബന്ധുക്കളായ സ്ത്രീകള്‍ കന്യാകുമാരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കന്യാകുമാരി ജില്ലയിലെ നീരോടി ഗ്രാമത്തിലെ നൂറുകണക്കിന് സ്ത്രീകളാണ് ഇന്നലെ റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി എത്തിയത്.
Next Story

RELATED STORIES

Share it