രക്ഷപ്പെടുത്തിയത് 690 പേരെ; ക്യാംപുകളില്‍ 6,581 പേര്‍

തിരുവനന്തപുരം: ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 690 പേരെ ഇതുവരെ രക്ഷിക്കാനായെന്ന് ലാന്‍ഡ് റവന്യൂ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചു. ഇനി 96 പേരെ കണ്ടെത്താനുണ്ട്. 63 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. സംസ്ഥാനത്താകെ 37 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 1,597 കുടുംബങ്ങളില്‍ നിന്നായി 6,581 പേരെ ക്യാംപുകളില്‍ പാര്‍പ്പിച്ചു. ജില്ല തിരിച്ചുള്ള വിവരം: തിരുവനന്തപുരം- 13 ക്യാംപുകളിലായി 562 കുടുംബങ്ങള്‍ (2,671 പേര്‍), കൊല്ലം- ആറ് ക്യാംപുകളിലായി 82 കുടുംബം (281 പേര്‍), ആലപ്പുഴ- ആറു ക്യാംപുകളിലായി 133 കുടുംബങ്ങള്‍ (611 പേര്‍), എറണാകുളം- ഏഴു ക്യാംപുകളിലായി 718 കുടുംബം (2,648 പേര്‍), തൃശൂര്‍- മൂന്നു ക്യാംപുകളിലായി 95 കുടുംബം (343 പേര്‍), മലപ്പുറം- ഏഴു കുടുംബം (27 പേര്‍). രക്ഷപ്പെടുത്തിയവരുടെ ജില്ല തിരിച്ചുള്ള വിവരം: തിരുവനന്തപുരം- 197, കൊല്ലം- 54, ആലപ്പുഴ- 25, എറണാകുളം- 42, തൃശൂര്‍- 72, കോഴിക്കോട്- 120, കണ്ണൂര്‍- 172, കാസര്‍കോട്- 2.അതേസമയം, കടലില്‍ കുടുങ്ങിയ 13 മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്നലെ കൊല്ലത്ത് എത്തിച്ചു. ഇതോടെ, കൊല്ലം മേഖലയില്‍ രക്ഷപ്പെടുത്തിയവരുടെ എണ്ണം 105 ആയി. പുറംകടലില്‍ തിരച്ചില്‍ നടത്തിവന്ന നാവികസേനയുടെ കപ്പലാണ് തിരയില്‍ അകപ്പെട്ട് പ്രവര്‍ത്തനരഹിതമായ ഗ്രേഷ്യാ പ്ലീന എന്ന ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തു നിന്നു പോയ തൊഴിലാളികളാണ് ഈ ബോട്ടിലുണ്ടായിരുന്നത്. കപ്പലില്‍ കെട്ടിവലിച്ചു കൊല്ലം തീരമേഖലയിലേക്ക് കൊണ്ടുവന്ന ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും പോലിസും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറില്‍ എത്തിച്ചു. മറ്റൊരു ബോട്ടില്‍ കെട്ടിവലിച്ചാണ് ഗ്രേഷ്യാ പ്ലീന തീരത്ത് എത്തിച്ചത്. തമിഴ്‌നാട് മാര്‍ത്താണ്ഡം ജില്ലയില്‍ കൊല്ലംകോട് നീരോടി സ്വദേശികളായ ജെ ആന്റണി (31), എം വിജിന്‍ (23), അന്തോണിയാര്‍ പിച്ചെ (35), സുസെപാക്യം (52), ഡി സാജന്‍ (22), വിനീഷ് (21), ജോണ്‍പോള്‍ (31), ഫ്രാന്‍സിസ് (65), സെല്‍വദാസ് (24), ആന്റണി സേവ്യര്‍ (24), ജെറിബോയി (40), കൊല്ലംകോട് പൊഴിയൂര്‍ സ്വദേശി സേവ്യര്‍ (52), മാര്‍ത്താണ്ഡം തുറ സ്വദേശി സുനില്‍കുമാര്‍ (21) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികില്‍സ ലഭ്യമാക്കി പ്രത്യേക വാര്‍ഡിലേക്കു മാറ്റി. വൈകീട്ട് വരെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെ വൈകീട്ടോടെ ഡിസ്ചാര്‍ജ് ചെയ്തു.
Next Story

RELATED STORIES

Share it