രക്തസാക്ഷി ദിനത്തില്‍ ഗോഡ്‌സെ പുസ്തകപ്രകാശനം; പ്രതിഷേധവുമായി ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി

പനാജി: മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെക്കുറിച്ചുള്ള പുസ്തകം രക്തസാക്ഷി ദിനത്തില്‍ പ്രകാശനം ചെയ്യുന്നതിനെതിരേ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി. അനൂപ് അശോക് സര്‍ദേശായി എഴുതിയ നാഥുറാം ഗോഡ്‌സെ- ഒരു കൊലയാളിയുടെ കഥ എന്ന പുസ്തകമാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മഡ്ഗാവിലെ രവീന്ദ്ര ഭവനില്‍ മഹാത്മജിയുടെ ചരമവാര്‍ഷിക ദിനമായ ഇന്ന് പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചത്.
രവീന്ദ്ര ഭവന്റെ ചെയര്‍മാനും ബിജെപി നേതാവുമായ ദാമോദര്‍ നായിക്കാണ് പ്രകാശനകര്‍മം നിര്‍വഹിക്കുന്നത്. ദേശദ്രോഹപരമായ കൃത്യം നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി സെക്രട്ടറി മോഹന്‍ദാസ് ലോലിയെങ്കര്‍ ആവശ്യപ്പെട്ടു. രവീന്ദ്ര ഭവന് മുന്നില്‍ സത്യഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര എംഎല്‍എ വിജയ് സര്‍ദേശായിയും വിവിധ സംഘടനകളും സത്യഗ്രഹത്തിന് പി ന്തുണ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ രവീന്ദ്ര ഭവന്റെ കവാടങ്ങള്‍ ഉപരോധിക്കും. ആരെയും ഹാളിലേക്ക് കടത്തിവിടില്ല- മോഹന്‍ദാസ് അറിയിച്ചു. മഹാത്മജിയുടെ കൊലപാതകത്തെ ആഘോഷിക്കുവാന്‍ വേണ്ടിയാണ് ചടങ്ങ് നടത്തുന്നത്. സംസ്ഥാനത്ത് സമാധാനവും ഐക്യവും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ലോലിയെങ്കര്‍ ആരോപിച്ചു. എന്നാ ല്‍ രവീന്ദ്ര ഭവന്‍ അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ചു.
സാധാരണ നടപടിക്രമങ്ങളിലൂടെയാണ് ഹാള്‍ ബുക്ക് ചെയ്തതെന്നും ചടങ്ങ് റദ്ദാക്കാന്‍ സാധ്യമല്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് പുനരാലോചന നടത്തുമെന്നാണ് ദാമോദര്‍ നായിക്ക് പറഞ്ഞത്.
Next Story

RELATED STORIES

Share it