kannur local

രക്തദാനത്തിന്റെ മഹത്വം ഓര്‍മിപ്പിച്ച് ലോക രക്തദാതൃ ദിനാചരണം

കണ്ണൂര്‍: ‘രക്തം ദാനം ചെയ്യൂ, ജീവന്‍ പങ്കുവയ്ക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തോട്ടട എസ്എന്‍ കോളജില്‍ ലോകരക്തദാതൃദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രക്തദാന ക്യാംപിലെ ആദ്യ രക്തദാനവും അദ്ദേഹം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണ നായ്ക്ക് അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തവണ രക്തം നല്‍കിയ വ്യക്തികള്‍ക്കും സന്നദ്ധ രക്തദാനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സന്നദ്ധ സംഘടനകള്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉപഹാരങ്ങള്‍ നല്‍കി. സ്വരൂപ്(പുതിയതെരു), രഞ്ജിത്ത്(താവക്കര), അഭിഷേക്(കണ്ണൂര്‍ നഗരം), ഡയാന എലിസബത്ത് ജോസഫ്(തളാപ്പ്), പി ബൈജു(ചുഴലി) എന്നിവരേയും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി, ബ്ലഡ് ഡോണേഴ്‌സ് കേരള-കണ്ണൂര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സേവാഭാരതി, റെഡ് ഈസ് ബ്ലഡ് കേരള-കണ്ണൂര്‍ ജില്ല, ലൈഫ് ഡോണേഴ്‌സ് കേരള, അന്നപൂര്‍ണ എന്നീ സംഘടനകളെയുമാണ് ആദരിച്ചത്. ജില്ലാ ടിബി ഓഫിസര്‍ ഡോ. എം എസ് പത്മനാഭന്‍, എസ് എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത്, ജില്ലാ ആശുപത്രി സൂപ്രണ്ട് വി കെ രാജീവന്‍, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. കെ അജയകുമാര്‍, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ ബി ഷാഹിദ സംസാരിച്ചു. സന്നദ്ധ രക്തദാനക്യാംപില്‍ എസ്എന്‍ കോളജിലെ 50ഓളം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു. കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസ്(ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ആശുപത്രി രക്തബാങ്ക്, എസ്എന്‍ കോളജ് എന്‍എസ്എസ് യൂനിറ്റ്, ബ്ലഡ് ഡോണേഴ്‌സ് കേരള എന്നിവര്‍ സംയുക്തമായാണ് ദിനാചരണം നടത്തിയത്.
Next Story

RELATED STORIES

Share it