യൗവനത്തിന്റെ ഹൃദയതാളത്തില്‍ ഹരിറാമിന് ഇനിയും പാടാന്‍ മോഹം

കോഴിക്കോട്: 17കാരന്റെ ഹൃദയം സ്വന്തം ശരീരത്തില്‍ തുടിക്കാന്‍ തുടങ്ങിയതോട അമ്പത്തിനാലുകാരനായ ഹരിറാമിന് ഇനിയും പാടാന്‍ മോഹം. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയക്കു വിധേയനായ ഹരിറാമിന് വടകര സ്വദേശി നിജിന്‍ ലാലിന്റെ ഹൃദയമാണു തുന്നിച്ചേര്‍ത്തത്.
ഒക്ടോബര്‍ 30നുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കെ നവംബര്‍ 1നാണ് നിജിന്‍ലാലിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ബന്ധുക്കള്‍ അവയവദാനത്തിനു സമ്മതിച്ചതോടെ ഹൃദയം പുറത്തെടുത്ത് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് മിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടിന് പുലര്‍ച്ചെ ഒന്നോടെ മിംസിലെത്തിച്ച ഹൃദയം അഞ്ചോടെയാണ് വിജയകരമായി ഹരിറാമില്‍ വച്ചുപിടിപ്പിച്ചത്.
ആറു വര്‍ഷംമുമ്പാണ് ഹരിറാമിന്റെ ഹൃദയത്തിന് സങ്കീര്‍ണമായ തകരാറുകള്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞത്. മൂന്നു വര്‍ഷമായി ഇദ്ദേഹം ഹൃദയ ധമനികള്‍ക്കുണ്ടായ തകരാറിന് (ഇസ്‌കീമിക് കാര്‍ഡിയോ മയോപ്പതി) ചികില്‍സയിലായിരുന്നു. ഗസല്‍, ഹിന്ദി ഗാനങ്ങള്‍ കേള്‍ക്കലും പാടലും വിനോദമായി കൊണ്ടുനടക്കുന്ന ഹരിറാം തനിക്ക് ഏറെ ഇഷ്ടപ്പെട്ട മുകേഷിന്റെ ഗാനങ്ങള്‍ ഇനിയും പാടാനാവുമെന്ന പ്രതീക്ഷയിലാണ്. ഈ ആഴ്ചയോടെ ഇദ്ദേഹത്തിന് ആശുപത്രി വിടാനാവുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മിംസ് ആശുപത്രിയിലെ ചീഫ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മുരളി വെട്ടത്ത് അറിയിച്ചു.
ശസ്ത്രക്രിയ ടീമില്‍ ചീഫ് കാര്‍ഡിയാക് അനസ്തറ്റിസ്റ്റ് ഡോ. കണ്ണന്‍ കെ വി, കണ്‍സല്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. അനില്‍ ജോസ്, ഡോ. നിധിന്‍ ഗംഗാധരന്‍, ഡോ. സനൂജ് ഒ പി, കാര്‍ഡിയാക് പെര്‍ഫ്യൂഷനിസ്റ്റുമാരായ ജയപ്രകാശ്, ശ്യാമപ്രസാദ് അരുണ്‍ എന്നിവരും അണിനിരന്നു. രൂപേഷ്, ഇര്‍ഷാദ്, എന്നിവര്‍ കോ-ഓഡിനേറ്റ് ചെയ്തു.
പള്‍മണറി എഡിമയും വൃക്കകള്‍ തകരാറിലായതും മൂലം ഹരിറാമിന് ശസ്ത്രക്രിയാനന്തര പരിചരണം ഏറെ വിഷമകരമായിരുന്നുവെന്ന് ഡോ. മുരളി വെട്ടത്ത് അറിയിച്ചു. നിജിന്‍ ലാലിനും കുടുംബത്തിനും ഒപ്പം ശസ്ത്രക്രിയയില്‍ അണിനിരന്ന മുഴുവന്‍ പേര്‍ക്കും ഹരിറാം നന്ദി അറിയിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയക്കു വിധേയമാവുന്ന കേരളത്തിലെ ആദ്യത്തെ ഇഎസ്‌ഐ പേഷ്യന്റ് ആണ് ഹരിറാം.
Next Story

RELATED STORIES

Share it