Flash News

യോഗ്യരായ ഫാര്‍മസിസ്റ്റുകളില്ല ; നടപടിക്കു വിധേയമായത് 207 മെഡിക്കല്‍ സ്റ്റോറുകള്‍

യോഗ്യരായ   ഫാര്‍മസിസ്റ്റുകളില്ല ; നടപടിക്കു വിധേയമായത് 207 മെഡിക്കല്‍ സ്റ്റോറുകള്‍
X


ടോമി  മാത്യു

കൊച്ചി: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലും യോഗ്യരായ ഫാര്‍മസിസ്റ്റുകള്‍ ഇല്ലെന്ന് വിവരാവകാശ രേഖയില്‍ നിന്നു വ്യക്തമാവുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ നടപടിക്കു വിധേയമായത് 207 മെഡിക്കല്‍ ഷോപ്പുകളാണ്. ആലപ്പുഴയിലാണ് എറ്റവും കൂടുതല്‍  മെഡിക്കല്‍ ഷോപ്പുകള്‍ നടപടി നേരിട്ടത്.കേന്ദ്ര നിയമമായ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് 1940നു കീഴിലുള്ള ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് റൂള്‍സ് 1945ലെ മാനദണ്ഡം അനുസരിച്ച് എല്ലാ ചില്ലറവില്‍പനശാലകളിലും മരുന്നുകളുടെ വില്‍പന രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. ഒരു മെഡിക്കല്‍ ഷോപ്പില്‍ കുറഞ്ഞത് യോഗ്യതയുള്ള ഒരു ഫാര്‍മസിസ്റ്റെങ്കിലും ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാല്‍, ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ഷോപ്പുകളില്‍ നടത്തുന്ന പരിശോധനയില്‍ മിക്കയിടത്തും യോഗ്യരായ ഫാര്‍മസിസ്റ്റുകളില്ലെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ഉപകാര്യാലയങ്ങളില്‍ നിന്നും ലഭിച്ച മറുപടിയിലൂടെ വ്യക്തമാവുന്നത്. ഫാര്‍മസിസ്റ്റിന്റെ സേവനമില്ലാതെയുള്ള മരുന്നു വില്‍പന ശ്രദ്ധയില്‍പ്പെടുന്നപക്ഷം ലൈസന്‍സ് സസ്‌പെന്‍ഷന്‍ പോലുള്ള വകുപ്പുതല നടപടികളും അനിവാര്യമെന്നു കണ്ടാല്‍ ചട്ടലംഘനങ്ങള്‍ക്കെതിരേ നിയമ നടപടികളും സ്വീകരിക്കാറുണ്ടെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. യോഗ്യരായ ഫാര്‍മസിസ്റ്റുകളില്ലാത്തതിന്റെ പേരില്‍ 2016 ഏപ്രില്‍ 1 മുതല്‍ 2017 ജൂണ്‍ 30 വരെ എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി 111 കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ എറണാകുളത്ത് 40, ആലപ്പുഴ 56, ഇടുക്കി 15 എന്നിങ്ങനെ മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തില്‍ നിന്നു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലായി 58 സ്ഥാപനങ്ങള്‍ക്കെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ഇതില്‍ തൃശൂര്‍ ജില്ലയില്‍ 27ഉം പാലക്കാട് 31ഉം മെഡിക്കല്‍ ഷോപ്പുകളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. കൊല്ലം ജില്ലയില്‍ യോഗ്യതയില്ലാത്ത ഫാര്‍മസിസ്റ്റുകളില്ലാതെ മരുന്നു വില്‍പന നടത്തിയ 20 മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ നടപടി സ്വീകരിച്ചു. പത്തനംതിട്ടയില്‍ 12 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ചു മെഡിക്കല്‍ സ്‌റ്റോറുകളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. ഏഴു ഷോപ്പുകള്‍ക്ക് താക്കീതു നല്‍കി. മലപ്പുറം ജില്ലയില്‍ രണ്ടു കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടു ഷോപ്പുകള്‍ക്കെതിരേയും നടപടി സ്വീകരിച്ചു. വയനാട്ടില്‍ ആറു കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, സ്വകാര്യ ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് മരുന്നു കുറിച്ചുകൊടുക്കുന്നത് ഇംഗ്ലീഷ് അക്ഷരങ്ങളിലെ വലിയ അക്ഷരത്തിലായിരിക്കണമെന്ന് വകുപ്പ് ഉത്തരവിറക്കിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it