Flash News

യോഗ്യത തേടി പറങ്കിപ്പടയോട്ടം

യോഗ്യത തേടി പറങ്കിപ്പടയോട്ടം
X

അന്‍ഡോറ ല വെല്ല: ഇരട്ടഗോള്‍ ജയം അക്കൗണ്ടിലാക്കിയിട്ടും പോര്‍ച്ചുഗല്ലിന് ലോകകപ്പ് യോഗ്യതയ്ക്കായി കാത്തിരിക്കണം. ഗ്രൂപ്പ് ബിയില്‍ നടന്ന ആവേശപ്പോരില്‍ അന്‍ഡോറയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് പോര്‍ച്ചുഗല്‍ വിജയം പിടിച്ചെടുത്തത്. ഗോള്‍ രഹിതമായ ഒന്നാം പകുതിക്ക് ശേഷമാണ് പോര്‍ച്ചുഗല്‍ രണ്ട് ഗോളുകളും സ്വന്തമാക്കിയത്.
ഇരു കൂട്ടരും 4-4-2 ശൈലിയില്‍ ബൂട്ട്‌കെട്ടിയപ്പോള്‍ കളിക്കളം ചൂടുപിടിച്ചു. മല്‍സരത്തിന്റെ സമ്പൂര്‍ണ ആധിപത്യം പോര്‍ച്ചുഗല്ലിനൊപ്പമായിരുന്നെങ്കിലും ഒന്നാം പകുതിയില്‍ അക്കൗണ്ട് തുറക്കാന്‍ പോര്‍ച്ചുഗല്ലിനായില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ പുറത്തിരുത്തി ആന്ദ്രേ സില്‍വ, ബെര്‍ണാര്‍ഡോ സില്‍വ എന്നിവര്‍ക്കാണ് ഒന്നാം പകുതിയില്‍ മുന്നേറ്റത്തിന് അവസരം ലഭിച്ചത്.
മല്‍സരത്തിന്റെ 76 ശതമാനം സമയത്തും പന്തടക്കില്‍ മുന്നിട്ട് നിന്ന പോര്‍ച്ചുഗല്‍ നിര 21 തവണയാണ് അന്‍ഡോറ ഗോള്‍മുഖത്ത് പന്തെത്തിച്ചത്. അതേ സമയം പോര്‍ച്ചുഗല്ലിന്റെ പ്രതിരോധത്തെ വെല്ലുവിളിച്ച് ഗോള്‍മുഖത്തേക്ക് പന്തെത്തിക്കാന്‍ ഒരു തവണ മാത്രമാണ് അന്‍ഡോറയ്ക്ക്് കഴിഞ്ഞത്.
രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കളത്തിലിറങ്ങിയതോടെ പോര്‍ച്ചുഗല്ലിന്റെ കളിമികവ് ഉയര്‍ന്നു. മിന്നല്‍ വേഗതയുമായി കളിക്കളത്തില്‍ പന്തുമായി പാഞ്ഞ് നടന്ന റൊണാള്‍ഡോയുടെ മുന്നേറ്റം 63ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. വലത് വിങിലേക്ക് നീട്ടി ലഭിച്ച പാസ് അന്‍ഡോറയുടെ പ്രതിരോധത്തിന്റെ പിഴവിലൂടെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റൊണാള്‍ഡോയ്ക്ക് ലഭിച്ചപ്പോള്‍ അനായാസം പന്ത് വലയിലായി. പോര്‍ച്ചുഗല്‍ 1-0 ന് മുന്നില്‍.
ആദ്യ ഗോള്‍ പിറന്നതോടെ തുടര്‍ ഷോട്ടുകളുമായി കളിക്കളം കൈയേറിയ പോര്‍ച്ചുഗല്ലിന് വേണ്ടി 86ാം മിനിറ്റില്‍ ആന്ദ്രേ സില്‍വ ലീഡുയര്‍ത്തി. വലത് വിങില്‍ നിന്ന് റൊണാള്‍ഡോ ഇടത് വിങിലേക്ക് ഉയര്‍ത്തി നല്‍കിയ പാസിനെ ഡാനിലോ പെരേയ്‌റെ ഹെഡ് ചെയ്ത് നല്‍കിയപ്പോള്‍ ആന്ദ്രേ സില്‍വ മിന്നല്‍ ഷോട്ടിലൂടെ പന്ത് വലയിലാക്കി. പോര്‍ച്ചുഗല്‍ 2-0ന് മുന്നില്‍. പിന്നീടുള്ള സമയത്ത് പോര്‍ച്ചുഗല്ലിന്റെ പ്രതിരോധത്തെ മറികടക്കാന്‍ അന്‍ഡോറയ്ക്ക് സാധിക്കാതെ വന്നതോടെ രണ്ട് ഗോള്‍ ജയവും പറങ്കിപ്പടയ്‌ക്കൊപ്പം നിന്നു. ചൊവ്വാഴ്ച നടക്കുന്ന മല്‍സരത്തില്‍ സ്വിസര്‍ലന്‍ഡിനെ വീഴ്ത്തിയാല്‍ പോര്‍ച്ചുഗല്ലിന് ലോകകപ്പിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാം. ഗ്രൂപ്പ് ബിയില്‍ കളിച്ച ഒമ്പത് മല്‍സരങ്ങളും ജയിച്ച് 27 പോയിന്റുകളുമായി സ്വിസര്‍ലന്‍ഡ് പട്ടികയിലെ ഒന്നാം സ്ഥാനത്താണുള്ളത്.
Next Story

RELATED STORIES

Share it