യോഗി സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: നിസ്സാര വിഷയങ്ങളില്‍ ഹരജിയുമായി പരമോന്നത കോടതിയെ സമീപിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രിംകോടതി. ഇക്കാര്യം ഉത്തര്‍പ്രദേശ് നിയമവകുപ്പിന് ശരിയായ നിര്‍ദേശം നല്‍കണമെന്ന് സുപ്രിംകോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
നിസ്സാര വിഷയങ്ങളില്‍ കേസ് ഫയല്‍ ചെയ്യാതിരിക്കാന്‍ എന്തു നടപടിയാണ് നിയമ വകുപ്പ് സ്വീകരിച്ചതെന്നു വിശദമാക്കി ജൂലൈ 16ന് സുപ്രിംകോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഏതൊക്കെ വിഷയങ്ങളിലാണ് ആവശ്യമെങ്കില്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കേണ്ടതെന്നു സംസ്ഥാന നിയമവകുപ്പിന് അറിവുണ്ടായിരിക്കണമെന്നു പറഞ്ഞ കോടതി, യുപിയില്‍ നിന്ന് ഇത്തരത്തില്‍ നിരവധി കേസുകള്‍ വരുന്നുണ്ടെന്നും അവയില്‍ പലതും വാദിക്കാന്‍ പോലും അര്‍ഹതയില്ലാത്തതാണെന്നും നിരീക്ഷിച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ പ്രത്യേക വിടുതല്‍ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിരമിച്ച തൊഴിലാളിയുടെ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരേയാണ് യുപിയിലെ ബിജെപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പ്രത്യേക വിടുതല്‍ ഹരജി നല്‍കിയത്. തൊഴിലാളിയുടെ പിഎഫില്‍ നിന്ന് കുറച്ചുവെന്ന് ആരോപിക്കപ്പെടുന്ന തുകയടക്കം എല്ലാ പെന്‍ഷന്‍ ആനുകൂല്യങ്ങളും വിട്ടുനല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നത്.
Next Story

RELATED STORIES

Share it