Flash News

യോഗി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത്

ന്യൂഡല്‍ഹി: രണ്ടാഴ്ചത്തെ ഇടവേളകളിലുണ്ടായ രണ്ട് ഏറ്റുമുട്ടലുകളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത്. യുപിയിലെ അലിഗഡ് ജില്ലയിലെ ഹാര്‍ദുവാ ഗഞ്ചില്‍ രണ്ടു മുസ്‌ലിം യുവാക്കളെ കാമറയ്ക്കു മുന്നില്‍ വെടിവച്ചു കൊലപ്പെടുത്തിയതിനെ ഏറ്റുമുട്ടല്‍ കൊലയാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആഘോഷിച്ചു.
എന്നാല്‍, കഴിഞ്ഞ ദിവസം ലഖ്‌നോയിലെ ഗോമതി നഗറില്‍ ആപ്പിള്‍ സെയില്‍സ് മാനേജര്‍ വിവേക് തിവാരിയെ പോലിസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം വെടിവച്ച പോലിസ് കോണ്‍സ്റ്റബിള്‍ പ്രശാന്ത് ചൗധരിയെയും കൂടെയുള്ളയാളെയും അറസ്റ്റ് ചെയ്യുകയും സിബിഐ അന്വേഷണമാവാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അതോടൊപ്പം വിവേകിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ഭാര്യക്ക് സര്‍ക്കാര്‍ജോലിയും പ്രഖ്യാപിച്ചു. വെടിവച്ച പോലിസുകാരനെ അറസ്റ്റ് ചെയ്തതിനു പുറമേ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പോലിസുകാര്‍ക്കെതിരേയും വിവേകിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. ചൗധരിക്കും കൂടെയുള്ള പോലിസുകാരനുമെതിരേ കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. ജില്ലാ മജിസ്‌ട്രേറ്റും അന്വേഷണത്തിന് ഉത്തരവിട്ടു.
ഹാര്‍ദുവാ ഗഞ്ചില്‍ സാധു രാംദാസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണെന്ന് ആരോപിച്ചാണ് മുഷ്തഖീം, നൗഷാദ് എന്നീ യുവാക്കളെ പോലിസ് പിടിച്ചുകൊണ്ടുപോകുന്നത്. വഴിയില്‍ വച്ച് അവരെ മര്‍ദിക്കുകയും ചെയ്തു.
മുഷ്തഖീമും നൗഷാദും രക്ഷപ്പെട്ടതായി ഒരു ദിവസത്തിനു ശേഷം പോലിസ് കുടുംബങ്ങളെ അറിയിക്കുകയും നാലു ദിവസത്തിനു ശേഷം മാധ്യമങ്ങളെ വിളിച്ചുവരുത്തി അവരുടെ കാമറയുടെ മുന്നില്‍ വച്ച് പോലിസ് വെടിവച്ചു കൊല്ലുകയുമായിരുന്നു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് മോശമായി പെരുമാറിയ പോലിസ് മല്‍ക്കാന്‍ ആശുപത്രിയില്‍ മൃതദേഹം കാണാനെത്തിയ കുടുംബാംഗങ്ങളോട് ബലമായി വെള്ളപേപ്പറില്‍ വിരലടയാളം പതിപ്പിച്ചു വാങ്ങുകയും ചെയ്തു. കൊല്ലപ്പെട്ട രണ്ടു പേരുടെയും എല്ലാ തിരിച്ചറിയല്‍ കാര്‍ഡുകളും പോലിസ് എടുത്തുകൊണ്ടുപോയി. മയ്യിത്ത് നമസ്‌കാരത്തിനു പോലും സമ്മതിക്കാതെയാണ് ഇരുവരെയും സംസ്‌കരിച്ചത്. രണ്ടു യുവാക്കളും നല്ലവരായിരുന്നുവെന്നും ക്രിമിനലുകളായിരുന്നില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നുമുണ്ട്. ഈ സംഭവങ്ങളില്‍ പോലിസ് ഭാഷ്യത്തിനൊപ്പം നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍.
ഇതിനു പൂര്‍ണമായും വിരുദ്ധമായിരുന്നു വിവേക് തിവാരി വെടിയേറ്റു മരിച്ചപ്പോള്‍ ഉണ്ടായത്. ബൈക്കില്‍ പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായി ലൈറ്റ് ഓഫ് ചെയ്ത നിലയില്‍ കാര്‍ നിര്‍ത്തിയിട്ടത് കണ്ടപ്പോള്‍ പരിശോധിക്കാനെത്തിയ തങ്ങളുടെ മേല്‍ കാര്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലിസ് വാദം.
യോഗി ആദിത്യനാഥ് കുടുംബത്തെ വന്നു കാണണമെന്നും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോടി രൂപയാണ് കുടുംബം ആവശ്യപ്പെട്ട നഷ്ടപരിഹാരം.
പ്രാഥമിക അന്വേഷണത്തില്‍ പ്രശാന്തിന്റെ നടപടി ആത്മരക്ഷയുടെ പരിധിയില്‍ വരുന്നതല്ലെന്ന് ഡിജിപി ഒ പി സിങ് വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it