യോഗി ബ്രാന്‍ഡ് കൊലകള്‍

റെനി ഐലിന്‍
കശ്മീരിലും മണിപ്പൂരിലും മാത്രമല്ല, മാവോവാദി സാന്നിധ്യമുള്ള മേഖലകളിലും വ്യാജ ഏറ്റുമുട്ടല്‍ കൊല ആരംഭിച്ചിട്ട് കാലമേറെയായി. കൂട്ടക്കൊലകള്‍ വര്‍ധിക്കുമ്പോള്‍ അവ വാര്‍ത്തയല്ലാതായി മാറുകയും ചെയ്യും. 2017ല്‍ ഉത്തര്‍പ്രദേശില്‍ അധികാരമേറ്റ യോഗി ആദിത്യനാഥിന്റെ പോലിസ് ഇക്കഴിഞ്ഞ ആഗസ്ത് 4 വരെ 2351 വെടിവയ്പുകള്‍ നടത്തി. 24 ജില്ലകളില്‍ 63 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് നടന്നത്. ഇത്തരം കൃത്യങ്ങള്‍ക്കു മറ്റിടങ്ങളില്‍ കാണുന്നപോലെ ചില പൊതുസ്വഭാവങ്ങളുണ്ട്. എല്ലാം സംഭവിച്ചിരിക്കുന്നത് അതിരാവിലെയോ രാത്രിയിലോ മാത്രമാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഒരു അഞ്ചംഗ സമിതി രൂപീകരിച്ച്, ഏറ്റുമുട്ടല്‍ കൊലകളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 21 മരണങ്ങളെക്കുറിച്ച് എഫ്‌ഐആര്‍ തന്നെയില്ല. അങ്ങനെയൊന്ന് കുടുംബാംഗങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ കൊടുത്തിട്ടുമില്ല. 20 പ്രഥമവിവര റിപോര്‍ട്ടുകള്‍ ഏകദേശം ഒരുപോലെ പകര്‍ത്തിവച്ച കടലാസുകളാണ്. സാഹചര്യങ്ങളും സംഭവങ്ങളുമെല്ലാം ഒരുപോലെ. 'പോലിസിനു വിവരങ്ങള്‍ കൈമാറുന്ന വ്യക്തികളില്‍ നിന്ന് അറിവു കിട്ടിയെന്നും അതനുസരിച്ച് പിന്തുടര്‍ന്നപ്പോള്‍ പ്രതികള്‍ മോട്ടോര്‍ സൈക്കിളില്‍ നിന്നു മറിഞ്ഞുവീഴുകയും പിന്നെ വെടിവയ്പുണ്ടായെന്നും' ആണ് 12 എഫ്‌ഐആറില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. പോലിസ് ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ക്കു കിട്ടിയ 'പരിശീലനത്തിന് അനുസൃതമായി പെരുമാറി'യെന്നു വിശേഷിപ്പിക്കുന്ന വാക്കുകള്‍ 11 എണ്ണത്തിലും കാണാം. 'പോലിസ് അതിസാഹസികമായി കൃത്യനിര്‍വഹണം നടത്തിയെന്നും ഒപ്പം സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ടാണ് ഇതെല്ലാം ചെയ്തതെന്നും' യഥാക്രമം രണ്ട് എഫ്‌ഐആറുകളില്‍ ഒരുപോലെ ആവര്‍ത്തിക്കുന്നു. ഈ മഹാപാതകങ്ങളുടെ വിവരണത്തിനിടയില്‍ മേമ്പൊടിക്ക് ഒരല്‍പം മനുഷ്യാവകാശം ചാലിക്കുന്നത് നന്നായിരിക്കുമെന്നു മനസ്സിലാക്കിയതുകൊണ്ടാവണം എട്ടെണ്ണത്തില്‍ 'ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ തങ്ങള്‍ പാലിച്ചു'വെന്ന് വെണ്ടക്ക നിരത്തിയിട്ടുണ്ട്. എല്ലാ കൊലപാതകങ്ങളുടെയും സാക്ഷി കൊലപാതകികളല്ലാതെ മറ്റാരുമല്ലാത്തതുകൊണ്ടുതന്നെ 18 എഫ്‌ഐആറില്‍ 'പ്രതികളുടെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ എഫ്‌ഐആറിലും ഒരുപോലെ കാണാന്‍ കഴിയുന്ന ഒരു വാചകമാണ് 'പോലിസിന്റെ ആത്മരക്ഷ.' മരിച്ചുവീണവരുടെ ശരീരത്തിലേറ്റ മുറിവുകള്‍ പലതും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ്. മൂന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകളില്‍ (16 എണ്ണം പരിശോധിച്ചവയില്‍) ഇരകളുടെ നെഞ്ചിലും നെറ്റിയിലും മാത്രം പല തവണ വെടിയേറ്റതായി പറയുന്നുണ്ട്. അഅ്‌സംഗഡില്‍ ആഗസ്ത് 3നു കൊല്ലപ്പെട്ട ജയ്ഹിന്ദ് യാദവിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ 19 മുറിവുകളാണുള്ളത്. ഇതൊക്കെ പോസ്റ്റ്‌മോര്‍ട്ടം നടന്നവയുടെ കാര്യം. 25 കൊലകളുടെ പോസ്റ്റ്‌മോര്‍ട്ടം തന്നെ നടന്നതായി കാണുന്നില്ല. ആയതിനാല്‍ എഫ്‌ഐആറും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും കോടതിയില്‍ കൊടുത്തിട്ടുമില്ല. യുപിയില്‍ മാധ്യമങ്ങള്‍ പറയുന്നത് 63 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. എന്നാല്‍, പോലിസിന്റെ കണക്കില്‍ നാലു പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. എന്നാല്‍, 415 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സഹാറന്‍പൂരില്‍ കൊല്ലപ്പെട്ട ഷംസാദ്, മുസഫര്‍നഗറില്‍ വെടിയേറ്റുവീണ നദീം എന്നിവര്‍ 'കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചു' എന്നതാണ് പോലിസ് ഭാഷ്യം. ഫാഷിസ്റ്റ് വ്യവസ്ഥയില്‍ കൊലയാളികളെ ആരാധിക്കുന്നത് ഒരു പുതിയ പ്രവണതയല്ല. യുപിയില്‍ അതുതന്നെയാണ് സംഭവിക്കുന്നത്. ശാംലി എസ്പി അജയ്പാല്‍ ശര്‍മ അഞ്ച് ഏറ്റുമുട്ടലും ആറ് കൊലയും സ്വന്തം പേരിലുള്ളതുകൊണ്ട് ഇപ്പോള്‍ അറിയപ്പെടുന്നത് 'എന്‍കൗണ്ടര്‍ മാന്‍' എന്നാണ്. സംഭവങ്ങള്‍ക്കു ശേഷം ഇതില്‍ ഉള്‍പ്പെട്ട പല പോലിസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിരുന്നു. എന്നാല്‍, അജയ്പാല്‍ ശര്‍മയെ ഉദ്യോഗക്കയറ്റത്തോടെ ഗൗതം ബുദ്ധ നഗറിലേക്ക് സ്ഥലം മാറ്റുകയായിരുന്നു ചെയ്തത്. മാത്രമല്ല, അവിടെയും അയാള്‍ രണ്ടു പേരെ കൊന്നു. ഏറ്റവും കൂടുതല്‍ പോലിസ് വേട്ട നടന്നത് മുസഫര്‍നഗര്‍ ജില്ലയിലാണ്- ഒന്‍പത് എണ്ണം. ജില്ലയിലെ പോലിസ് മേധാവി അനന്ത് ദിയു പതിവു മലക്കംമറിച്ചിലുകള്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നടത്തുന്നത്. 'സാക്ഷികളൊന്നും ഒരു കൊലയിലും ഇല്ലല്ലോ' എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞത് 'കോടതി നടപടികളും പിന്നെ ഭയവും കാരണം സാക്ഷി പറയുന്നതില്‍ നിന്നു ജനങ്ങള്‍ വിമുഖരാണ്' എന്നാണ്. അന്വേഷിക്കപ്പെട്ട കേസുകളില്‍ 13ലും മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. പലരുടെയും തലയ്ക്കു വില പറഞ്ഞിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, പലരും കൊല്ലപ്പെട്ടുകഴിഞ്ഞപ്പോഴാണ് ബന്ധുക്കള്‍ അറിയുന്നത്, കൊല്ലപ്പെട്ടവര്‍ അങ്ങനെയുള്ളവരാണെന്ന്. ജനുവരി 8ന് അഅ്‌സംഗഡില്‍ കൊല്ലപ്പെട്ട ചന്നു സോങ്കര്‍ എന്ന 24കാരന്‍ അഞ്ചു മോഷണക്കേസുകളിലെ പ്രതിയാണെന്നാണ് പറയുന്നത്. ആഭരണങ്ങളും ബൈക്കും മോഷ്ടിച്ചുവെന്നാണ് കേസ്. എന്നാല്‍, ബൈക്ക് ആ യുവാവിന്റെ സ്വന്തമാണെന്നു തെളിയിക്കുന്ന നിയമാനുസൃതമായ എല്ലാ രേഖകളുമുണ്ട് എന്നതാണ് മറ്റൊരു സത്യം. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ആറു കൊല്ലം ജയിലിലായിരുന്ന അയാളുടെ കുടുംബത്തോട് പല തവണ പോലിസ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി വീട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പതിവുപോലെ കുടുംബത്തിന് എഫ്‌ഐആറും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും ഒന്നും കൊടുത്തില്ല. ബന്ധുക്കളെ കേസില്‍ കുടുക്കുമെന്നു പറഞ്ഞു ഭയപ്പെടുത്തുകയായിരുന്നു പോലിസ്. തുടര്‍ന്ന് പോലിസ് തന്നെ മൃതദേഹം ദഹിപ്പിച്ചു. എന്നാല്‍, സ്ഥലം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നദീം അഹ്മദ് അതൊക്കെ നിഷേധിക്കുന്നു. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തുവെന്നാണ് അയാളുടെ വാദം. ജനുവരി 26ന് അഅ്‌സംഗഡില്‍ തന്നെ കൊല്ലപ്പെട്ട മുകേഷ് രാജ്ബാറിന്റെ ശവശരീരവും ബന്ധുക്കള്‍ക്കു കൈമാറാതെ ശ്മശാനത്തില്‍ കൊണ്ടുപോയി പോലിസ് തന്നെ കത്തിച്ചുകളഞ്ഞു. രാജ്ബാറിന്റെ പിതാവ് നന്ദലാല്‍ പറയുന്നത് 'സാക്ഷികളെ മുഴുവന്‍ ഭീഷണിപ്പെടുത്തുകയാണ്' എന്നാണ്. എന്നാല്‍, അഅ്‌സംഗഡ് എസ്പി രവിശങ്കര്‍ 'എല്ലാം കോടതിയില്‍ പറയു'മെന്ന മറുപടിയില്‍ ഒതുക്കി. ജയ്ഹിന്ദ് യാദവിന്റെ പിതാവിനെ നിര്‍ബന്ധിച്ചു കടലാസുകളില്‍ ഒപ്പിടുവിച്ചു വാങ്ങി. പോലിസ് തന്നെ മൃതദേഹം ദഹിപ്പിച്ചു. എന്നാല്‍, പോലിസ് സ്‌റ്റേഷനിലെ രേഖകളില്‍ ബന്ധുക്കള്‍ക്കു കൈമാറി എന്നാണ് എഴുതിവച്ചിരിക്കുന്നത്. ബന്ധുക്കള്‍ പലരും സ്വന്തം സ്ഥലവും വീടുമെല്ലാം ഉപേക്ഷിച്ചുപോയി. കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോലിസ് നിരന്തരം കയറിയിറങ്ങിയുള്ള ഭീഷണി തന്നെയാണ് പ്രധാന കാരണം. ഏകദേശം അഞ്ചു പേരുടെ കുടുംബം പൂര്‍ണമായും ഇറ്റാവയിലെ ചൗബിയ ഗ്രാമം ഒഴിഞ്ഞുപോയി. ഫെബ്രുവരി 8നു കൊല്ലപ്പെട്ട സീതാപൂര്‍ താല്‍ഗാവിലെ മനോജ്കുമാര്‍ ഗ്രാമപ്രധാന്‍ കൂടിയായിരുന്നു. 'അദ്ദേഹത്തിന്റെ എതിരാളികളും പോലിസും ഒരുമിച്ചുള്ള സഖ്യമാണ് ഭര്‍ത്താവിന്റെ കൊലയ്ക്കു പിന്നില്‍' എന്ന് ഭാര്യ റൂബി സിങ് പറയുന്നു. പോലിസിനെ ഭയന്ന് അവര്‍ മാതാപിതാക്കളുടെ ഗ്രാമത്തിലേക്കു തിരിച്ചുപോയി. പോലിസാവട്ടെ ഇവിടെയും വിചിത്ര വാദങ്ങള്‍ നിരത്തി രക്ഷപ്പെടുന്നു. കൊല്ലപ്പെട്ട മനോജ്കുമാര്‍ നേരത്തേ വീടു വിറ്റ് ഗ്രാമത്തില്‍ നിന്നു പോയെന്നാണ് പോലിസ് പറയുന്നത്. കൊല്ലപ്പെട്ട റൈഹാന്‍ എന്നയാള്‍ കുടുംബവുമായി വര്‍ഷങ്ങളായി ഒരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു. പക്ഷേ, പോലിസ് എന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തി, അയാള്‍ കീഴടങ്ങണമെന്നും അല്ലെങ്കില്‍ പോലിസ് തങ്ങളുടെ 'ജോലി' ചെയ്യുമെന്നും പറഞ്ഞു. എന്തായാലും ബന്ധുക്കള്‍ അയാളുമായി ബന്ധമില്ലെന്നു കാണിക്കുന്ന രേഖകളെല്ലാം ഹാജരാക്കിയെങ്കിലും ഒന്നും വിലപ്പോയില്ല. അയാളെ കൊല്ലുന്ന 'ജോലി' പോലിസ് നിര്‍വഹിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 3ന് ഗ്രേറ്റര്‍ നോയിഡയില്‍ സുമിത് ഗുജ്ജര്‍ എന്നയാളെ കൊലപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് ഒരന്വേഷണവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, ഒരു സുപ്രഭാതത്തില്‍ പെട്ടെന്നു തലയ്ക്കു വിലയുള്ള വലിയൊരു കുറ്റവാളിയായി അയാള്‍ മാറുകയായിരുന്നുവെന്ന് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. പലരെയും നേരത്തേ കസ്റ്റഡിയില്‍ എടുത്ത ശേഷം മൂന്നാംമുറയ്ക്കു വിധേയരാക്കി കൊന്നതിനും തെളിവുകളുണ്ട്. ഷംഷാദ് എന്ന വ്യക്തിയുടെ മൃതശരീരത്തില്‍ കയറുകൊണ്ട് കഴുത്തും കൈയും കാലും വരിഞ്ഞുമുറുക്കിയ പാടുകള്‍ ഉണ്ടായിരുന്നു. പുഴുവരിച്ച ആ മനുഷ്യന്റെ ശരീരത്തില്‍ ആറേഴു സ്ഥലത്ത് വെടിയുണ്ടകളേറ്റ അടയാളങ്ങളും ഉണ്ടായിരുന്നു. 2017 സപ്തംബര്‍ 10നു കൊല്ലപ്പെട്ട് 11നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. മാനസികാസ്വാസ്ഥ്യമുള്ള മന്‍സൂര്‍ എന്ന യുവാവിനെ 2017 സപ്തംബര്‍ 26ന് അര്‍ധരാത്രിയോടുകൂടി സ്വന്തം മാതാവിന്റെ മുമ്പില്‍ വച്ച് സാധാരണ വേഷത്തില്‍ വന്ന പോലിസ് കസ്റ്റഡിയിലെടുക്കുന്നു. പിറ്റേന്ന് വീണ്ടും വന്ന് അവരെക്കൊണ്ട് ചില കടലാസുകളില്‍ ഒപ്പുവയ്പിച്ച ശേഷം മകന്‍ കൊല്ലപ്പെട്ടതായി അറിയിക്കുന്നു. സപ്തംബര്‍ 8ന് കൊല്ലപ്പെട്ട നദീമിനെ 6ാം തിയ്യതി പോലിസ് സ്‌റ്റേഷനില്‍ കണ്ടവരുണ്ടെന്ന് സഹോദരി നുസ്രത്ത് പറയുന്നു. എന്നാല്‍ 'ആള്‍ക്കൂട്ടത്തിനിടയില്‍ രക്ഷപ്പെട്ടു'വെന്ന് പോലിസ് ഭാഷ്യം. മാതാവിന്റെ മുമ്പില്‍ വച്ച് കസ്റ്റഡിയിലെടുക്കപ്പെട്ട നൂര്‍ മുഹമ്മദിനെ കൊന്നതിനു ശേഷം ബൈക്ക് അപകടത്തില്‍ മരിച്ചതാണെന്നു പറഞ്ഞ് ഒരു എക്‌സ്‌റേ റിപോര്‍ട്ട് പോലിസ് കാണിച്ചു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഹരജി ദുരൂഹമായ രീതിയില്‍ പിന്നീട് മാതാപിതാക്കള്‍ പിന്‍വലിച്ചു. എട്ടു പേരുടെ ബന്ധുക്കള്‍ നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചു. പക്ഷേ, പലരും തങ്ങള്‍ക്കു ഭയമാണെന്ന് തുറന്നുപറഞ്ഞു. റൈഹാന്റെ കുടുംബമാവട്ടെ 'ദൈവം നീതി നടത്തും' എന്നു സ്വയം സമാശ്വസിക്കുകയാണ്. 'ഞങ്ങളെ സമരത്തിനിറങ്ങാന്‍ പലരും പ്രേരിപ്പിക്കുകയാണ്. പക്ഷേ, ഞങ്ങളുടെ കൈയില്‍ പണമില്ല. അധികാരികള്‍ ജീവിതം നരകതുല്യമാക്കിത്തീര്‍ക്കും. ഞങ്ങളുടെ മക്കള്‍ വിശന്നു മരിക്കും.' കൊല്ലപ്പെട്ട ചാനുവിന്റെ സഹോദരന്‍ പറഞ്ഞുനിര്‍ത്തി. ി

Next Story

RELATED STORIES

Share it