യോഗിക്കെതിരേ പരാതി കൊടുത്തയാള്‍ ബലാല്‍സംഗ കേസില്‍ അറസ്റ്റില്‍

ലഖ്‌നോ: വിദ്വേഷപ്രസംഗം നടത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ കേസ് കൊടുത്തയാളെ ബലാല്‍സംഗക്കേസില്‍ അറസ്റ്റ് ചെയ്തു. അഭിഭാഷകനായ പര്‍വേസ് പര്‍വാസാണ് അറസ്റ്റിലായത്. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
അറസ്റ്റിന് സ്‌റ്റേ തേടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിന്റെ തലേന്നാണ് പര്‍േവസ് അറസ്റ്റിലായിരിക്കുന്നത്. പര്‍വേസിനും സുഹൃത്ത് മഹ്മൂദിനുമെതിരേ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റെന്ന് പോലിസ് പറയുന്നു. മഹ്മൂദിന് വേണ്ടി പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
2007 ജനുവരി 27ന് ഗോരഖ്പൂരില്‍ യോഗി നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരേയാണ് പര്‍വേസ് കേസ് കൊടുത്തത്. യോഗിയുടെ പ്രസംഗത്തെ തുടര്‍ന്ന് പ്രദേശത്ത് മുഹര്‍റം ആഘോഷത്തിനിടെ വര്‍ഗീയസംഘര്‍ഷമുണ്ടായിരുന്നു.
മന്ത്രവാദിയായ മഹ്മൂദ് എന്ന ജുമ്മാന്റെ അടുത്ത് ചികില്‍സയ്‌ക്കെത്തിയ സ്ത്രീയെ പര്‍വേസും മഹ്മൂദും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.
എന്നാല്‍, അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് മനുഷ്യാവകാശ സംഘടനയായ രിഹായ് മഞ്ച് ആരോപിച്ചു.
ഗോരഖ്പൂര്‍ വര്‍ഗീയ കലാപത്തില്‍ യോഗി ആദിത്യനാഥിനെതിരായ 2007ലെ കേസ് കോടതിയുടെ പരിഗണനയിലാണ്. കേസ് പിന്‍വലിക്കാന്‍ പര്‍വേസിനുമേല്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു.

Next Story

RELATED STORIES

Share it