Flash News

യോഗാ സെന്ററിന്റെ മറവില്‍ മതംമാറ്റ പീഡനകേന്ദ്രം പറവൂരിലും

യോഗാ സെന്ററിന്റെ മറവില്‍ മതംമാറ്റ പീഡനകേന്ദ്രം പറവൂരിലും
X
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിലെ ഘര്‍വാപസി പീഡനകേന്ദ്രം ജനകീയ പ്രതിഷേധവും കോടതി ഇടപെടലും മൂലം അടച്ചുപൂട്ടിയതിനു പിന്നാലെ മറ്റൊരു പീഡന കേന്ദ്രത്തെക്കുറിച്ചും പരാതി ഉയരുന്നു. എറണാകുളം ജില്ലയില്‍ തന്നെ വടക്കന്‍ പറവൂരാണു സ്വാമി സത്യാനന്ദ ആശ്രമം എന്ന പേരില്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

[caption id="attachment_315152" align="aligncenter" width="560"] വടക്കന്‍ പറവൂരിലെ സ്വാമി സത്യാനന്ദ ആശ്രമം [/caption]

പറവൂര്‍ കോട്ടയില്‍ കോവിലകത്തു വഖ്ഫ് ഭൂമി കൈയേറി സ്ഥാപിച്ചിരിക്കുന്ന ആശ്രമത്തിന്റെ നടത്തിപ്പുകാരന്‍ അനിയപ്പന്‍ എന്നറിയപ്പെടുന്ന സ്വാമി അനില്‍ കുമാറാണ്. വടക്കേക്കര, നോര്‍ത്ത് പറവൂര്‍ എന്നീ പോലിസ് സ്റ്റേഷനുകളിലായി നാലു ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2000ത്തില്‍ പറവൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലും 2004ല്‍ വടക്കേക്കര സ്റ്റേ ഷന്‍ പരിധിയില്‍ ആനന്ദന്‍ എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും 2002 ല്‍ പറവൂര്‍ മുനിസിപ്പല്‍ പാര്‍ക്കില്‍ നാഗയക്ഷി പൂജയുമായി ബന്ധപ്പെട്ടു ലഹളയുണ്ടാക്കിയ സംഭവത്തില്‍ മതസ്പര്‍ധ അടക്കമുള്ള വകുപ്പുകള്‍ പ്രകാരവും ഇയാള്‍ക്കെതിരേ കേസുണ്ട്.ഇത്തരത്തില്‍ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ഇയാള്‍ സന്യാസിവേഷം കെട്ടുകയായിരുന്നുവെന്നാണു മനസ്സിലാവുന്നത്. 2012ല്‍ സംഘപരിവാര സംഘടനകളുടെ കാര്‍മികത്വത്തില്‍ നടന്ന ശ്രീരാമനവമി രഥയാത്രയിലെ മുഖ്യകാര്‍മികനായി മാറിയാണ് ഇയാള്‍ പിന്നീടു പ്രത്യക്ഷപ്പെട്ടത്. ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ മൂകാംബികയില്‍ നിന്നു കന്യാകുമാരി വരെ നടത്തിയ യാത്രയുടെ സംഘാടകനായിരുന്നു. നിരവധി ദുരൂഹ പ്രവര്‍ത്തനങ്ങളാണു പറവൂരിലെ ആശ്രമം കേന്ദ്രീകരിച്ചു നടക്കുന്നത്. പാതിരാത്രിയിലടക്കം നിരവധി വാഹനങ്ങള്‍ വന്നു പോവുന്നതായും ഗുണ്ടകളടക്കം താമസിക്കുന്നതായും പരാതിയുണ്ട്.  വഴിവിട്ട ഇടപാടുകള്‍ കാരണം സംഘപരിവാര പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും ഇയാളോട് എതിര്‍പ്പുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണു പ്രവര്‍ത്തനം.ഇതര മതസ്ഥരായ പുരുഷന്‍മാരുമായി പ്രണയത്തിലാവുന്ന പെണ്‍കുട്ടികളെയാണു തൃപ്പൂണിത്തുറയിലെ പോലെ പറവൂരിലും എത്തിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ ഇരുകൂട്ടരെയും ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പറവൂര്‍ മാഞ്ഞാലി സ്വദേശി സിയാദ് എന്ന യുവാവ്, ഹിന്ദു യുവതിയുമായി പ്രണയത്തിലായതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇയാള്‍ ഇടപെടുകയുണ്ടായി. പറവൂരില്‍ വര്‍ഗീയ കലാപമുണ്ടാക്കുമെന്നും നീയായിരിക്കും അതിന്റെ ഉത്തരവാദിയെന്നും ലൗ ജിഹാദ് ആരോപണമുന്നയിച്ച് അന്വേഷണം നടത്തിച്ചു കുടുംബം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവമുണ്ടായി. വ്യാജ സ്വാമിയുടെ ആശ്രമത്തിനെതിരേ ജനകീയ പ്രക്ഷോഭം തുടങ്ങാന്‍ ആലോചിക്കുകയാണു നാട്ടുകാര്‍. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ വ്യാജ സ്വാമി ആശ്രമം നടത്തിയിട്ടും പോലിസിന്റെ ഭാഗത്തു നിന്നു യാതൊരു ഇടപെടലുകളും ഇല്ലാത്തതു വിവാദമാവുന്നു. പറവൂരില്‍ ലഖുലേഖാ വിതരണവുമായി ബന്ധപ്പെട്ടു മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും പോലിസ് സ്‌റ്റേഷനിലടക്കം അവരെ മര്‍ദിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു സ്റ്റേഷന്‍ ജാമ്യം നല്‍കുകയും ചെയ്ത പറവൂര്‍ പോലിസിന്റെ സംഘപരിവാര ആഭിമുഖ്യം നേരത്തെ മറനീക്കി പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it