palakkad local

യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും

പാലക്കാട്: തിരുവനന്തപുരം കോര്‍പറേഷന്‍ വിഷയത്തിന്റെ പേരില്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും ബഹളവും ഇറങ്ങിപ്പോക്കും. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായപ്പോള്‍ കൗണ്‍സില്‍ യോഗം നിര്‍ത്തിവെച്ചു. പിന്നീട് ചേര്‍ന്ന യോഗം അജണ്ട പാസാക്കി പിരിഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 20ന് ചേര്‍ന്ന യോഗത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിക്കുന്ന പ്രമേയം അജണ്ടയായി ഉള്‍പ്പെടുത്തിയത് മുതലാണ് കൗണ്‍സിലില്‍ ഭരണപക്ഷ-പ്രതിപക്ഷ പോര് തുടങ്ങിയത്. തിരുവനന്തപുരം കോര്‍പറേഷനിലെ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയത് ചട്ടവിരുദ്ധമാണെന്നും ഒഴിവാക്കണമെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം അതിന് നിന്നില്ല. അന്ന് യോഗം തടസപ്പെട്ടെങ്കിലും 27 അജണ്ടകള്‍ പാസാക്കിയതായി പ്രഖ്യാപിച്ച് പിരിയുകയായിരുന്നു.
ഇതിന് പ്രതിപക്ഷം വിയോജനകുറിപ്പും നല്‍കി. തിരുവനന്തപുരം വിഷയം ഒഴികെയുള്ള അജണ്ടകള്‍ വീണ്ടും ചര്‍ച്ച ചെയ്തശേഷമേ സഹകരിക്കൂ എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇതോടെ ഭരണപക്ഷം വെട്ടിലായി. അന്നത്തെ അജണ്ടകളില്‍ ഒമ്പതെണ്ണം ഇന്നലത്തെ യോഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ബാക്കിയുള്ളവയും ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി നിലകൊണ്ടതോടെ യോഗം തല്‍ക്കാലം നിര്‍ത്തിവെച്ചു.
പിന്നീട് ശേഷിക്കുന്ന അജണ്ടകള്‍ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പുനല്‍കി. അധ്യക്ഷയുടെ വാക്ക് വിശ്വാസത്തിലെടുത്ത് സഹകരിക്കുകയാണെന്ന സിപിഎം അറിയിച്ചപ്പോള്‍, പ്രതിഷേധമറിയിച്ച് യുഡിഎഫ് ഇറങ്ങിപ്പോയി. പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെ ഭവദാസ്, എ കുമാരി, സി കൃഷ്ണകുമാര്‍, എസ് ആര്‍. ബാലസുബ്രഹ്മണ്യം, ആര്‍ ഉദയന്‍, അബ്ദുള്‍ ഷുക്കൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it