thrissur local

യോഗത്തില്‍ പൂര്‍ണ തൃപ്തിയെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍. ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിത്വത്തിന് വിരാമം കുറിച്ചാണ് ഇരു ദേവസ്വം ഭാരവാഹികളേയും പങ്കെടുപ്പിച്ച് പൂരം നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേര്‍ന്നത്. തൃശൂര്‍ പൂരത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ മുഖ്യമന്ത്രി ഇരു ദേവസ്വങ്ങളെയും അറിയിച്ചു.
ദേവസ്വം ഭാരവാഹികളുമായുള്ള ചര്‍ച്ചകള്‍ക്ക് മുമ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് റവന്യു-പോലിസ് ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.
പൂരം ഭംഗിയായി നടത്തുന്നതിന് വേണ്ട എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ചര്‍ച്ചകള്‍ ആരംഭിച്ചയുടന്‍ ഇരു ദേവസ്വം ഭാരവാഹികളെയും മുഖ്യമന്ത്രി അറിയിച്ചു. പൂരത്തിനോടനുബന്ധിച്ച് സ്വരാജ് റൗണ്ടില്‍ സ്ഥാപിക്കുന്ന ബാരിക്കേഡിന്റേയും, സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി എത്തുന്ന ദുരന്തനിവാരണ സേനയുടേയും ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദുരന്ത നിവാരണ സേനയുടേയും, ബാരിക്കേഡിന്റേയും ചെലവ് ദേവസ്വങ്ങള്‍ വഹിക്കണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം ദേവസ്വം ഭാരവാഹികള്‍ അറിയിച്ചപ്പോഴാണ് ഇവ രണ്ടിന്റെയും ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. മുഖ്യമന്ത്രിയുടെ യോഗത്തിന് ശേഷം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്തില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ കെ മനോഹരന്‍, രാമചന്ദ്ര പിഷാരടി, പ്രഫ. എം മാധവന്‍കുട്ടി, സി വിജയന്‍ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പൂരം നടത്തിപ്പ് സംബന്ധിച്ച് എല്ലാ ആശങ്കകള്‍ക്കും വിരാമമായെന്നും, പൂരത്തിന്റെ എല്ലാ ചടങ്ങുകളും ഭംഗിയായി നടത്തുമെന്നും, ചമയ പ്രദര്‍ശനം പതിവുപോലെ രണ്ട് ദിവസം തന്നെയായി നടത്തുമെന്നും പാറമേക്കാവ് ദേവസ്വം വൈസ് പ്രസിഡന്റ് വി എം ശശി പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.
എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, പി എ മാധവന്‍, ജില്ലാ കലക്ടര്‍ വി രതീശന്‍, ഐജി എം ആര്‍ അജിത്കുമാര്‍, കമ്മീഷണര്‍ കെ ജി സൈമണ്‍ പങ്കെടുത്തു. തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ഥികളായ പത്മജ വേണുഗോപാല്‍, വി എസ് സുനില്‍കുമാര്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍, മണലൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനര്‍ത്ഥി ഒ അബ്ദുള്‍റഹ്മാന്‍കുട്ടി, നാട്ടിക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ വി ദാസന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it