Flash News

യെദ്യൂരപ്പ: വാഴുമോ വീഴുമോ

പി സി അബ്ദുല്ല
ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയനാടകങ്ങള്‍ ക്ലൈമാക്‌സിലേക്ക്. യെദ്യൂരപ്പ സര്‍ക്കാരിന്റെ വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വൈകീട്ട് നാലിന് വിശ്വാസ വോട്ടെടുപ്പില്‍ ദക്ഷിണേന്ത്യയിലെ ഏക ബിജെപി സര്‍ക്കാര്‍ വാഴുമോ വീഴുമോ എന്നറിയാന്‍ രാജ്യം കാതോര്‍ക്കുകയാണ്.
രാവിലെ 11ന് നിയമസഭ ചേരും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ആദ്യ നടപടി. പ്രോടെം സ്പീക്കറായി(താല്‍ക്കാലിക സ്പീക്കര്‍) ബിജെപിയിലെ വീരാജ്‌പേട്ട എംഎല്‍എ കെ ജെ ബൊപ്പയ്യയെ  ഗവര്‍ണര്‍ നിയമിച്ചു. ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറായി തിരഞ്ഞെടുക്കണമെന്ന സുപ്രിംകോടതി നിരീക്ഷണവും കീഴ്‌വഴക്കവും മറികടന്നാണ് ബൊപ്പയ്യയെ നിയമിച്ചിരിക്കുന്നത്. നിലവിലുള്ള എംഎല്‍എമാരില്‍ കോണ്‍ഗ്രസ്സിലെ ആര്‍ വി ദേശ്പാണ്ഡെയാണ് ഏറ്റവും മുതിര്‍ന്നയാള്‍. എട്ടുതവണ അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ഗവര്‍ണര്‍ തിരഞ്ഞെടുത്ത ബൊപ്പയ്യ നാലു തവണ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ കുതിരക്കച്ചവടത്തിന് ലഭിക്കാത്ത സാഹചര്യത്തില്‍ നിയമസഭയില്‍ സംഘര്‍ഷമുണ്ടാക്കി നടപടിക്രമങ്ങള്‍ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണ് ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയതെന്നാണ് വിലയിരുത്തല്‍. ബൊപ്പയ്യയുടെ നിയമനത്തിനെതിരേ കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി ഇന്ന് രാവിലെ 10.30ന് കോടതി പരിഗണിക്കും.
വൈകീട്ട് നാലിനാണ് വിശ്വാസ വോട്ടെടുപ്പ്. നടപടിക്രമങ്ങള്‍ പ്രോടെം സ്പീക്കറാണ് തീരുമാനിക്കുക. 221 പേരാണ് സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസ്സിലെ ലിംഗായത്ത് എംഎല്‍എമാരെ സ്വാധീനിച്ച് രാജിവയ്പിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി അവസാനനിമിഷം പരീക്ഷിക്കുന്നത്. ലിംഗായത്ത് മഠങ്ങള്‍ വഴിയാണു നീക്കം. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 16 എംഎല്‍എമാര്‍ യെദ്യൂരപ്പ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.
അതേസമയം, നേരത്തേ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ക്ക് 100 കോടി വിലയിട്ട ബിജെപി അവസാനനിമിഷം തുക 150 കോടിയായി ഉയര്‍ത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു. റായ്ച്ചൂര്‍ കോണ്‍ഗ്രസ് എംഎല്‍എക്ക് ബിജെപി നേതാവ് ജനാര്‍ദന്‍ റെഡ്ഡി മന്ത്രിസ്ഥാനവും നൂറിരട്ടി സ്വത്ത് വര്‍ധനയും വാഗ്ദാനം ചെയ്യുന്ന ഫോണ്‍സംഭാഷണവും ഇന്നലെ കോണ്‍ഗ്രസ് പുറത്തുവിട്ടു.
കഴിഞ്ഞദിവസം അര്‍ധരാത്രി ഹൈദരാബാദിലേക്കു പോയ പ്രതിപക്ഷ എംഎല്‍എമാരെ കൃത്യം 11ന് സഭയിലെത്തിക്കാനാണ് തീരുമാനം. എംഎല്‍എമാര്‍ രാത്രിതന്നെ കര്‍ണാടകയിലേക്ക് പുറപ്പെട്ടു.
Next Story

RELATED STORIES

Share it