Flash News

യെദ്യൂരപ്പ മുഖ്യമന്ത്രിപദം ഒഴിഞ്ഞു; നാണംകെട്ട് രാജി

പി  സി  അബ്ദുല്ല
ബംഗളൂരു: കോടികളുടെ കുതിരക്കച്ചവട നീക്കങ്ങള്‍ക്കും ഉപജാപങ്ങള്‍ക്കുമൊടുവില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ  ദയനീയ പതനം. നിയമസഭയില്‍ വിശ്വാസവോട്ട് നേടാനാവില്ലെന്ന് ഉറപ്പായതോടെ മൂന്നാം നാള്‍ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. മൂന്നു ദിവസം കോടികള്‍ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ബിജെപിക്ക് ദേശീയതലത്തിലും കനത്ത പ്രഹരമായി കര്‍ണാടകയിലെ വന്‍ തിരിച്ചടി.
അവസാന നിമിഷം യെദ്യൂരപ്പ നേരിട്ട് പ്രലോഭനങ്ങളുമായി രംഗത്തിറങ്ങിയിട്ടും പ്രതിപക്ഷ നിരയില്‍ നിന്ന് ഒരംഗത്തെപ്പോലും കളം മാറ്റാനായില്ല. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. വൈകീട്ട് 3.43ന് വിശ്വാസപ്രമേയം അവതരിപ്പിക്കുന്ന തരത്തില്‍ ആരംഭിച്ച യെദ്യൂരപ്പയുടെ പ്രസംഗം വൈകാതെ  വൈകാരികമായി മാറി. അതോടെ വിശ്വാസവോട്ടിനു നില്‍ക്കാതെ മുഖ്യമന്ത്രി രാജിവയ്ക്കുകയാണെന്നു വ്യക്തമായി.
കോണ്‍ഗ്രസ്സും ജെഡിഎസും ജനഹിതം അട്ടിമറിച്ചെന്ന് യെദ്യൂരപ്പ ആരോപിച്ചു. തന്റെ ജീവിതം കര്‍ഷകര്‍ക്കും കര്‍ണാടകയുടെ താല്‍പര്യങ്ങള്‍ക്കും സമര്‍പ്പിക്കുകയാണെന്നു പറഞ്ഞാണ് 4.04ന് രാജി പ്രഖ്യാപിച്ചത്. 4.15ഓടെ രാജ്ഭവനിലെത്തിയ യെദ്യൂരപ്പ നേരത്തേ തയ്യാറാക്കിയ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.
മുഖ്യമന്ത്രിപദമേറ്റ് 55ാം മണിക്കൂറിലാണ് യെദ്യൂരപ്പയുടെ വീഴ്ച. നേരത്തേ രണ്ടു തവണ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവയ്‌ക്കേണ്ടിവന്ന യെദ്യൂരപ്പയുടെ മൂന്നാം വരവിലെ പതനത്തിന്റെ ആഘാതം പക്ഷേ കര്‍ണാടകയിലും യെദ്യൂരപ്പയിലും ഒതുങ്ങുന്നതല്ല. ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ ഒഴിവാക്കി കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിനെ അവരോധിക്കാന്‍ പിന്തുണ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അണിയറയില്‍ കരുക്കള്‍ നീക്കിയ ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും പരാജയം കൂടിയാണ് യെദ്യൂരപ്പയുടെ വീഴ്ചയിലൂടെ സംഭവിച്ചത്.
അതേസമയം, കോണ്‍ഗ്രസ്സിനും ബിജെപി വിരുദ്ധ കക്ഷികള്‍ക്കും വര്‍ധിച്ച ആത്മവിശ്വാസം പകരുന്നതാണ് കര്‍ണാടകയിലെ സംഭവവികാസങ്ങള്‍. നൂറു കോടിയിലധികം വിലയിട്ട് ബിജെപി ഇന്നലെ ഉച്ച വരെയും റാഞ്ചാന്‍ ശ്രമിച്ചിട്ടും മുഴുവന്‍ എംഎല്‍എമാരെയും കൂടെ നിര്‍ത്തുന്നതില്‍ അസാധാരണ വൈഭവമാണ് കോണ്‍ഗ്രസ്സും ബിജെപിയും കാഴ്ചവച്ചത്.
ബിജെപി സ്വാധീനത്തിലകപ്പെട്ട് ഉച്ചയ്ക്ക് 2 മണി വരെ സഭയിലെത്താതിരുന്ന രണ്ട് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്ക് എത്തിക്കാനും കോണ്‍ഗ്രസ്സിനു കഴിഞ്ഞു. നിയമസഭയില്‍ എത്താതെ ഹോട്ടലില്‍ തങ്ങിയ പ്രതാപ് ഗൗഡ പാട്ടീലും ആനന്ദ ഗൗഡയും 2.30ഓടെയാണ് വിധാന്‍ സൗധയിലെത്തിയത്. അതോടെയാണ് യെദ്യൂരപ്പയുടെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടത്. ഒരു സ്വതന്ത്ര അംഗത്തിന് 300 കോടി വരെ ബിജെപി വാഗ്ദാനം ചെയ്തുവെന്ന ആരോപണവും ഇന്നലെ പുറത്തുവന്നു.
Next Story

RELATED STORIES

Share it