Flash News

യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ നടത്താമെന്ന് സുപ്രിംകോടതി

യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ നടത്താമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: യെദ്യൂരപ്പയ്ക്ക് ഇന്ന് രാവിലെ 9 മണിക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രിം കോടതി വാക്കാല്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അര്‍ധരാത്രി വാദം കേട്ട ശേഷമാണ് സുപ്രിം കോടതിയുടെ തീരുമാനം. മൂന്ന് മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് തീരുമാനം. യെദ്യൂരപ്പയെ കേസില്‍ കക്ഷിയാക്കാനും യെദ്യൂരപ്പയ്ക്ക് നോട്ടീസയക്കാനും കോടതി തീരുമാനിച്ചു. എന്നാല്‍, അന്തിമ വിധി കോടതി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. കോടതിയില്‍ അവസാന വാദം തുടരുകയാണ്.

നേരത്തേ, ബിജെപി കര്‍ണാടക ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാതെ അവര്‍ക്ക് ഭൂരിപക്ഷമില്ലെന്ന് എങ്ങിനെ പറയാന്‍ പറ്റുമെന്ന് സുപ്രിം കോടതി. ബിജെപിക്ക് 104 എംഎല്‍മാരുടെ പിന്തുണ മാത്രമേ ഉള്ളുവെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 112 പേരുടെ പിന്തുണ അവര്‍ക്ക് ഉറപ്പിക്കാനാവില്ലെന്നും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഡ്വ. മനു അഭിഷേക് സിങ്‌വി വാദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഗവര്‍ണറുടെ തീരുമാനത്തില്‍ മുമ്പ് കോടതി ഇടപെട്ട സാഹചര്യങ്ങള്‍  സിങ്‌വി ചൂണ്ടിക്കാട്ടിയപ്പോള്‍ ഗവര്‍ണറുടെ തീരുമാനമാണ് പരിഗണിക്കുന്നത്, പഴയ ഉത്തരവുകളല്ല ഈ ഘട്ടത്തില്‍ പരിശോധിക്കുന്നതെന്നും കോടതി പറഞ്ഞു. ഗവര്‍ണറുടെ മുന്നിലുള്ള രേഖകള്‍ പരിശോധിക്കാതെ കോടതിക്ക് എങ്ങിനെ ഇടപെടാനാവുമെന്ന് കോടതി ചോദിച്ചു. അങ്ങിനെയെങ്കില്‍ ഈ സാഹചര്യത്തില്‍ രണ്ടു ദിവസത്തേക്ക് സത്യപ്രതിജ്ഞ മാറ്റിവയ്ക്കണമെന്ന് സിങ്‌വി ആവശ്യപ്പെട്ടു.  ഈ സമയത്തിനകം യെദ്യൂരപ്പ നല്‍കിയ കത്ത് വേണമെങ്കില്‍ പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഗവര്‍ണറുടെ തീരുമാനം റദ്ദാക്കണമെന്ന നിലപാടില്‍ നിന്ന് സിങ്‌വി പിന്നോട്ട് പോയത്. കോടതിക്ക് യെദ്യൂരപ്പ നല്‍കിയ കത്ത് ഹാജരാക്കാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിന് വിനയായത്.

അവസാന ഘട്ടത്തില്‍ ഇന്ന് വൈകുന്നേരം വരെയെങ്കിലും സത്യപ്രതിജ്ഞ മാറ്റിവയ്ക്കണമെന്നും അതിനിടയില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാമെന്നും സിങ്‌വി കോടതിയെ അറിയിച്ചു.

തികച്ചും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള വാദമാണ് ഇവിടെ നടക്കുന്നതെന്ന് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. അര്‍ധരാത്രിയില്‍ വിളിച്ചുണര്‍ത്തി ഈ വാദം കേള്‍ക്കാനുള്ള സാഹചര്യം എന്താണെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചോദിച്ചു. വാദപ്രതിവാദങ്ങള്‍ പുരോഗമിക്കവേ, മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മാറ്റിവച്ച് എംഎല്‍എമാര്‍ മാത്രം സത്യപ്രതിജ്ഞ നടത്തുകയും പിന്നീട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നവര്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയും ചെയ്താല്‍ പോരേ എന്ന് കോടതി ചോദിച്ചു. കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചാല്‍ ബിജെപി പിന്നിലാവില്ലേ എന്നും കോടതി ചോദിച്ചു. ഈ ചോദ്യത്തിന് ബിജെപി അഭിഭാഷകനോ അറ്റോണി ജനറലിനോ മറുപടി പറയാന്‍ സാധിച്ചില്ല.

എന്നാല്‍, ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടരുതെന്ന് അറ്റോണി ജനറല്‍ പറഞ്ഞു. ഇപ്പോള്‍ സത്യ പ്രതിജ്ഞ നടക്കട്ടെയെന്നും ഗവര്‍ണറുടെ തീരുമാനം തെറ്റാണെങ്കില്‍ അത് പിന്നീട് റദ്ദാക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയത് ഏഴ് ദിവസമായി കോടതിക്ക് ചുരുക്കാമെന്ന് അറ്റോണി ജനറല്‍ പറഞ്ഞു. ഇക്കാര്യം മുകുള്‍ റോത്തകിയും അംഗീകരിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ 7 ദിവസത്തെ സമയം ചോദിച്ച യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ 15 ദിവസം നല്‍കിയതിനെ നേരത്തേ സിങ്‌വി ചോദ്യം ചെയ്തിരുന്നു.

ആറാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സിക്രി, അശോക് ഭൂഷണ്‍, ബോബ്‌ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിച്ചത്. ഇന്ന് രാവിലെ 9ന് നടക്കേണ്ട ബി എസ് യെദ്യൂരപ്പയുടെ സത്യ പ്രതിജ്ഞ സ്‌റ്റേ ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇന്നലെ രാത്രി 9.30ഓടെയാണ് ഗവര്‍ണര്‍ ബി എസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി ക്ഷണിച്ച കാര്യം അറിയിച്ചത്. തൊട്ടുടനെ കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. അര്‍ധരാത്രി ഒരു മണിയോടെയായിരുന്നു അടിയന്തരമായി ഹരജി പരിഗണിക്കാന്‍ കോടതി തീരമാനിച്ചത്. പുലര്‍ച്ചെ 2 മണിക്ക് ഷേഷം ആരംഭിച്ച വാദംകേള്‍ക്കല്‍ 4.30ഓടെയാണ് അവസാനിച്ചത്.
Next Story

RELATED STORIES

Share it