Flash News

യെദിയൂരപ്പയ്‌ക്കെതിരായ രാഹുലിന്റെ വീഡിയോ സിദ്ധാരാമയ്യയ്‌ക്കെതിരാക്കിയ രാജീവ് ചന്ദ്രശേഖറിനെതിരെ തോമസ് ഐസക്

തിരുവനന്തപുരം : 2013ല്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം സിദ്ധാരാമയ്യയ്‌ക്കെതിരെ എന്ന പേരില്‍ രാജീവ് ചന്ദ്രശേഖര്‍ ഉപയോഗിച്ചതിനെതിരെ മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒട്ടേറെ മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ് താനെന്നോ, തന്റെ വിശ്വാസ്യതയ്ക്ക് ഈ മാധ്യമസ്ഥാപനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധമുണ്ടെന്നുള്ള ആധിയോ ഇല്ലാതെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇതു ചെയ്തതെന്നും ഐസക് ആരോപിച്ചു. ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
'സംഘപരിവാര്‍ നേതാക്കള്‍ക്കുള്ള അസാമാന്യമായ ചര്‍മ്മശേഷിയുടെ പൊതുപ്രദര്‍ശനം അനുസ്യൂതം തുടരുകയാണ്. കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറും ഇവന്റില്‍ നിന്നു മാറി നില്‍ക്കുന്നില്ല. പൊളിയുന്ന ഓരോ നുണയെയും അടുത്ത നുണയ്ക്കുള്ള ആത്മവിശ്വാസത്തിന്റെ ഉറവിടമായി പരിഗണിച്ച് അവര്‍ കുതിച്ചു പായുകയാണ്. മൂക്കത്തു വിരല്‍വെച്ച് തങ്ങളെ നോക്കി അമ്പരന്നു നില്‍ക്കുന്ന പൊതുജനത്തെ തെല്ലും മൈന്‍ഡു ചെയ്യാതെ.
2013ല്‍ രാഹുല്‍ ഗാന്ധി നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം സിദ്ധാരാമയ്യയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍ ഉപയോഗിച്ച രീതി നോക്കൂ. ഒട്ടേറെ മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ് താനെന്നോ, തന്റെ വിശ്വാസ്യതയ്ക്ക് ഈ മാധ്യമസ്ഥാപനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധമുണ്ടെന്നുള്ള ആധിയോ ഒന്നും അദ്ദേഹത്തിനില്ല. കിട്ടുന്നതെടുത്ത് ചാമ്പുകയാണ്.
അഴിമതിയ്ക്കു കുപ്രസിദ്ധമായിരുന്നു 2013കാലത്ത് കര്‍ണാടകത്തിലെ യെദ്യൂരപ്പ മന്ത്രിസഭ. ആ മന്ത്രിസഭയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍, സിദ്ധാരാമയ്യയ്‌ക്കെതിരെ എന്ന പേരില്‍ പ്രചരിപ്പിക്കാന്‍ ചില്ലറ ചര്‍മ്മശേഷിയൊന്നും പോര. സംഘപരിവാറിന്റെ ഐടി സെല്ലിലെ ഏതെങ്കിലും ഒരു വ്യാജ ഐഡി അല്ല പ്രതിസ്ഥാനത്ത്. സാക്ഷാല്‍ രാജീവ് ചന്ദ്രശേഖര്‍. ഏഷ്യാനെറ്റ് ന്യൂസ് മുതല്‍ റിപ്പബ്ലിക് ടിവിയും റേഡിയോ ഇന്‍ഡിഗോയും വരെ നീളുന്ന മാധ്യമസ്ഥാപനങ്ങളുടെ ഉടമ. രാജ്യസഭാ അംഗം. അസംഖ്യം പദവികള്‍ വേറെ. അദ്ദേഹത്തിന്റെ ട്വിറ്ററിലാണ് ഒരു നാലാംകിട നുണ പ്രത്യക്ഷപ്പെട്ടത്. റീട്വീറ്റു ചെയ്തത് സ്മൃതി ഇറാനിയെപ്പോലുള്ള പ്രമുഖര്‍. ഇതാണിവരുടെ രാഷ്ട്രീയസംവാദത്തിന്റെ നിലവാരം.
മണിക്കൂറുകള്‍ക്കകം ഈ പെരുങ്കള്ളം സോഷ്യല്‍ മീഡിയ പൊളിച്ചു. കള്ളം പ്രചരിപ്പിക്കാന്‍ സൌകര്യമുള്ളതുപോലെ, അവ പൊളിച്ചടുക്കാനും സോഷ്യല്‍ മീഡിയ പ്രാപ്തമാണ് എന്ന കാര്യം രാജീവ് ചന്ദ്രശേഖറിന് ഇതേവരെ മനസിലായിട്ടില്ല. ധാരാളം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥനായിട്ടും.

കഷ്ടമാണ് സര്‍, കാര്യം.
(കേരള പിന്നാക്ക വികസന കോര്‍പറേഷന്റെ പത്രപ്പരസ്യം വര്‍ഗീയസ്പര്‍ദ്ധയുണ്ടാക്കുംവിധം വളച്ചൊടിച്ച് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റു ചെയ്തിരുന്നു. അതിന്റെ വസ്തുത വിശദീകരിച്ചുകൊണ്ട് നേരത്തെ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിന്റെ ലിങ്ക് കമന്റില്‍ നല്‍കിയിട്ടുണ്ട്)'
Next Story

RELATED STORIES

Share it