Flash News

യെച്ചൂരിയെ അക്രമിച്ച പ്രതികള്‍ക്കു സ്‌റ്റേഷന്‍ ജാമ്യം

യെച്ചൂരിയെ അക്രമിച്ച പ്രതികള്‍ക്കു സ്‌റ്റേഷന്‍ ജാമ്യം
X


ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹി എകെജി ഭവനില്‍ കയറി ആക്രമിച്ച കേസിലെ പ്രതികളെ കോടതിയില്‍ പോലും ഹാജരാക്കാതെ പോലിസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഹിന്ദു സേന പ്രവര്‍ത്തകരായ ഉപേന്ദര്‍ കുമാര്‍, പവന്‍ കൗള്‍ എന്നിവരെയാണ് വിട്ടയച്ചത്. പോലീസ് നടപടിയില്‍ അതിശയിക്കാനില്ലെന്ന് യെച്ചൂരി പ്രതികരിച്ചു. പ്രതികള്‍ക്കെതിരേ ഡല്‍ഹി പോലീസ് ഐപിസി 451, 504 വകുപ്പുകള്‍ മാത്രമാണു ചുമത്തിയത്. അതിക്രമിച്ചു കടക്കുക, മനപൂര്‍വം സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നീ കുറ്റങ്ങള്‍ മാത്രമാണിത്.
പ്രതികളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്ന് സൂചന നല്‍കിയെങ്കിലും വൈകുന്നേരം വരെ ഡല്‍ഹി പോലീസ് ഇതു സംബന്ധിച്ച അന്വേഷണങ്ങളോടു കാര്യമായി പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ മന്ദിര്‍മാര്‍ഗ് പോലീസ്‌റ്റേഷനില്‍ രാവിലെ മുതല്‍ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരോട് കേസ് അങ്ങേയറ്റം രഹസ്യ സ്വഭാവമുള്ളതാണെന്നാണ് പോലീസ് പറഞ്ഞത്. മലയാളി മാധ്യമ പ്രവര്‍ക്കര്‍ ഉള്‍പ്പടെ നിരവധി പേര്‍ സ്‌റ്റേഷനു മുന്നില്‍ ഇവരെ വിട്ടയക്കുന്നത് കാത്തിരുന്നുവെങ്കിലും വൈകുന്നേരം ആറു മണിയോടെ സ്‌റ്റേഷന്റെ പിന്‍വാതിലിലൂടെ പോലീസ് ഇവരെ പുറത്തു വിടുകയായിരുന്നു.
ഉപേന്ദറിനും പവന്‍ കൗളിനും സ്‌റ്റേഷന്‍ ജാമ്യം ലഭിച്ചതായി ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത വ്യക്തമാക്കി. തങ്ങളുടെ പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസിലിട്ടു മര്‍ദിച്ചെന്നു കാട്ടി അടുത്ത ദിവസം തന്നെ സിപിഎമ്മിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും വിഷ്ണു ഗുപ്ത പറഞ്ഞു.
ഡല്‍ഹി പോലീസിന്റെ കുറ്റപത്രത്തില്‍ സംഭവത്തിന്റെ പിടിയിലായ രണ്ടു പേരും ഹിന്ദു സേനയുടെ സജീവ പ്രവര്‍ത്തകരല്ലെന്നും അനുഭാവികള്‍ മാത്രമാണെന്നും പറയുന്നു. എകെജി ഭവന്റെ ഓഫീസ് ചുമതലയുള്ള ഹരി ശങ്കറിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്.
പിടിയിലായവര്‍ ഹിന്ദു സേനയുടെ അണികളാണ്. ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞതനുസരിച്ചാണ് തങ്ങളെത്തിയതെന്നും ഇവര്‍ പറഞ്ഞുവെന്നുമാണ് ഡല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബി.കെ സിംഗ് ആദ്യം പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എകെജി ഭവനു മുന്നിലുണ്ടായിരുന്ന സുരക്ഷാ സന്നാഹങ്ങളും ഡല്‍ഹി പോലീസ് ഇന്നലെ പിന്‍വലിച്ചിരുന്നു.
സ്വന്തം സുരക്ഷ ജനങ്ങള്‍ തന്നെ ഉറപ്പു വരുത്തേണ്ട അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനു കീഴിലാണ് ഡല്‍ഹി പോലീസിന്റെ പ്രവര്‍ത്തനം. അക്രമം നടത്തിയവര്‍ക്കു ബിജെപിയുമായുള്ള ബന്ധം വ്യക്തമാണെന്നും യെച്ചൂരി പറഞ്ഞു.
അതിനിടെ, സിപിഎം ഓഫീസില്‍ അതിക്രമിച്ചു കയറിയ സംഭവത്തെ ആര്‍എസ്എസ് അപലപിച്ചു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നുവെന്നും ഇതിലേക്ക് ആര്‍എസ്എസിന്റെ പേര് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സംഭവത്തില്‍ ബിജെപിക്കും പങ്കില്ലെന്നും അത്തരത്തിലുള്ള ആരോപണങ്ങള്‍ അപലപനീയമാണെന്നും ബിജെപി വക്താവ് ജി.എല്‍ നരസിംഹ റാവു പ്രതികരിച്ചു. രാജ്യവിരുദ്ധനിലപാട് സ്വീകരിച്ചതിന്റെ പരിണിതഫലമാണ് ആക്രമണമെന്നാണ് ബിജെപി വക്താവ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it