Flash News

യെച്ചൂരിയുടെ മൂന്നാമൂഴം കേരള ഘടകം എതിര്‍ത്തേക്കും



ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യസഭയില്‍ മൂന്നാമൂഴം നല്‍കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കേരള ഘടകം എതിര്‍ത്തേക്കും. കോണ്‍ഗ്രസ്സുമായി യാതൊരു തരത്തിലുള്ള തിരഞ്ഞെടുപ്പുസഖ്യവും പാടില്ലെന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിലെ തീരുമാനമെന്നും ഇപ്പോഴും അതില്‍ മാറ്റമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തണമെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ യെച്ചൂരിക്ക് കോണ്‍ഗ്രസ്സിന്റെ പിന്തുണ അനിവാര്യമാണ്. ഇതിനായി യെച്ചൂരി നേരിട്ട് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിക്കുകയും പിന്തുണ ഉറപ്പാക്കുകയും ചെയ്‌തെങ്കിലും കേന്ദ്രനേതൃത്വം എതിരായതോടെ പിന്‍വാങ്ങി. ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ച യെച്ചൂരി പക്ഷേ, ബംഗാള്‍ ഘടകം കേന്ദ്രനേതൃത്വത്തെ സമ്മര്‍ദത്തിലാക്കി രംഗത്തെത്തിയതോടെ പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന് നയം മാറ്റുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ബംഗാള്‍ ഘടകത്തിന്റെ കത്ത് പോളിറ്റ്ബ്യൂറോ യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് കേരള ഘടകം എതിരുനില്‍ക്കാനുള്ള സാധ്യത ഉരുത്തിരിയുന്നത്. ഈ മാസം 6, 7 തിയ്യതികളിലാണ് പോളിറ്റ്ബ്യൂറോ യോഗം ചേരുന്നത്.
Next Story

RELATED STORIES

Share it