Editorial

യെച്ചൂരിയുടെ ഇംപീച്ച്‌മെന്റ് ഫലം കാണുമോ?

ഉന്നത ഉദ്യോഗസ്ഥന്‍, വലിയ രാഷ്ട്രീയനേതാവ്, ജഡ്ജി തുടങ്ങിയവരില്‍ ഗുരുതരമായ കുറ്റം ചുമത്തി അവരെ തല്‍സ്ഥാനത്തു നിന്നു മാറ്റുന്നതിനെയാണ് ഇംപീച്ച്‌മെന്റ് എന്നു പറയുന്നത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 12ന് സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരായ നാലുപേര്‍ വാര്‍ത്താസമ്മേളനം നടത്തി ചില കാര്യങ്ങള്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യതയില്ലെന്നും ചീഫ് ജസ്റ്റിസ് തന്നിഷ്ടപ്രകാരം ആര് കേസ് കേള്‍ക്കണമെന്നു തീരുമാനിക്കുന്നുവെന്നുമായിരുന്നു പ്രധാന ആരോപണം. യുപിയിലെ മെഡിക്കല്‍ കോളജ് അഡ്മിഷനിലെ അഴിമതി സംബന്ധിച്ച കേസും സിബിഐ ജഡ്ജിയായിരുന്ന ബി എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസും അതില്‍പ്പെട്ടിരുന്നു. സുപ്രിംകോടതിയുടെ ഉള്ളില്‍ നടക്കുന്ന ഇക്കാര്യങ്ങളൊക്കെ ജനങ്ങളെ അറിയിച്ചില്ലെങ്കില്‍ അതു ജനാധിപത്യത്തോടും മതേതരത്വത്തോടും കാട്ടുന്ന ഗുരുതരമായ അവഹേളനമാണെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ കരുതി. വാര്‍ത്ത പുറത്തുവരുമ്പോള്‍ വേണ്ടപ്പെട്ടവര്‍ വേണ്ടരീതിയില്‍ ഇടപെടുമെന്നും അതോടെ പ്രശ്‌നം പരിഹരിക്കുമെന്നും അവര്‍ പ്രതീക്ഷിച്ചു.
എന്നാല്‍, പ്രശ്‌നങ്ങള്‍ക്ക് ഇനിയും പരിഹാരമായിട്ടില്ല. ഈ സന്ദര്‍ഭം മുതലാക്കിയാണ് സീതാറാം യെച്ചൂരി ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യെച്ചൂരിയുടെ ആശയത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നേതാക്കളുമായി ചര്‍ച്ച ചെയ്തപ്പോള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി ഒരു സമവായം ഉണ്ടാക്കിയിട്ട് മതി എന്നായി തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായം, സുപ്രിംകോടതിയിലെ കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ പ്രഗല്ഭര്‍ അവിടെ തന്നെയുണ്ട് എന്നാണ്.
എന്തായാലും സുപ്രിംകോടതിയുടെ സുതാര്യതയും നിഷ്പക്ഷതയും തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നുവേണം കരുതാന്‍. കുറുന്തോട്ടിക്ക് തന്നെ വാതം പിടിച്ചാല്‍ എന്തായിരിക്കും സ്ഥിതി. ആ അവസ്ഥയാണ് ഇന്നു ജനം നേരിടുന്നത്. ഇതിനെതിരായാണ് യെച്ചൂരിയുടെ ഇംപീച്ച്‌മെന്റ് വരുന്നത്.
ഭരണഘടനയുടെ 124(4) വകുപ്പാണ് സുപ്രിംകോടതിയിലെ ജഡ്ജിയെപ്പറ്റി പരാമര്‍ശിക്കുന്നത്. ജഡ്ജിക്കെതിരേ നടപടിയെടുക്കേണ്ടത് പ്രസിഡന്റാണ്. അതിനു മുമ്പ് രാജ്യസഭയിലെയും ലോക്‌സഭയിലെയും ഭൂരിപക്ഷാംഗങ്ങള്‍ പിന്തുണയ്ക്കണം. അതോടൊപ്പം തന്നെ ലോക്‌സഭയിലും രാജ്യസഭയിലും ഹാജരുള്ളവരില്‍ മൂന്നില്‍ രണ്ടു ഭാഗം പ്രതിനിധികള്‍ പിന്തുണയ്ക്കണം. ഇതെല്ലാം ഇംപീച്ച്‌മെന്റ് ചര്‍ച്ച നടക്കുന്ന സമയത്തു തന്നെ സംഭവിക്കണം. അതിനുശേഷം മാത്രമേ ജഡ്ജിക്കെതിരേ നടപടി സ്വീകരിക്കാന്‍ പ്രസിഡന്റിന് സാധിക്കുകയുള്ളൂ.
നിലവിലിരിക്കുന്ന സാഹചര്യത്തില്‍ ഭരണഘടനാ വകുപ്പ് സീതാറാം യെച്ചൂരിയെയും അവരെ പിന്തുണയ്ക്കുന്നവരെയും സഹായിക്കാന്‍ സാധ്യതയില്ല. വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപി ഭരണം നടത്തുന്നത്. ആകെയുള്ള 29 സംസ്ഥാനങ്ങളില്‍ 19 സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്നു. ഇങ്ങനെയുള്ള രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ 44 എംപിമാരോ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും അല്ലറചില്ലറ പ്രാതിനിധ്യമോ ഒന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ അടുത്തുപോവാന്‍ പോലും അനുവദിക്കുകയില്ല. പ്രശ്‌നം ഒരു ചര്‍ച്ചയില്‍ എത്തിക്കാനും അതിലൂടെ ജനാധിപത്യവും മതേതരത്വവും അരക്കിട്ടുറപ്പിക്കാനും സാധിച്ചാല്‍ അത്രയും നന്ന്.
Next Story

RELATED STORIES

Share it