യെച്ചൂരിക്ക് ഫോണില്‍ ഭീഷണി

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഫോണില്‍ ഭീഷണി. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ അറസ്റ്റിനെതിരേയുള്ള വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയതിനെതുടര്‍ന്നാണ് ഭീഷണി. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ന്യൂഡല്‍ഹി പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജതിന്‍ നാര്‍വാള്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി 10.30നും തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്കുമിടയില്‍ മൂന്നു തവണയാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും വിളിച്ചയാള്‍ ജെഎന്‍യു പ്രശ്‌നത്തില്‍ പിന്തുണ നല്‍കിയതിന് യെച്ചൂരിയെ ചീത്ത വിളിച്ചെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കുകയാണെങ്കി ല്‍ യെച്ചൂരിയെ പിന്നീട് കണ്ടോളാമെന്നും വിളിച്ചയാള്‍ പറഞ്ഞു. തങ്ങള്‍ ആം ആദ്മി ബല്‍വീര്‍ സേനയിലെ അംഗങ്ങളാണെന്നാണ് വിളിച്ചവര്‍ അവകാശപ്പെട്ടത്. എന്നാല്‍, കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫിസ് ആക്രമിച്ചവരാണ് ഇവരെന്നു സംശയിക്കുന്നതായും പാര്‍ട്ടിവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വിളിച്ച ഫോണ്‍നമ്പരുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതുവച്ച് മന്ദിര്‍മാര്‍ഗ് പോലിസില്‍ പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.
ഇതിനിടെ, പാര്‍ട്ടി ഹെഡ് ഓഫിസ് ആക്രമിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലിസിലേല്‍പ്പിച്ച സുശാന്ത് ഖോസ്‌ല, കീഴടങ്ങിയ വേദ് പ്രകാശ്, റോക്കി എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 13ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജയേയും ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനിടെ, ഇടതു പാര്‍ട്ടികളെ രാജ്യദ്രോഹികളെന്ന് ആക്ഷേപിക്കുന്ന ഹിന്ദുത്വ ശക്തികള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം രംഗത്തെത്തി. ഗോദ്‌സെയെ ആരാധിക്കുന്നവര്‍ രാജ്യസ്‌നേഹത്തിന് സ ര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍പരം കോമാളിത്തരം മറ്റൊന്നുമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it