palakkad local

യൂസഫ് പാലക്കല്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്



മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യൂസഫ് പാലക്കലിനെ (മുസ്‌ലിം ലീഗ്) തിരഞ്ഞെടുത്തു. 17 അംഗ ഭരണ സമിതിയില്‍ യൂസഫ് പാലക്കലിന് ഒമ്പത് വോട്ടും സിപിഎമ്മിലെ എന്‍ രാമകൃഷ്ണന് എട്ട് വോട്ടും ലഭിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി പങ്കിടുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിലെ ധാരണയനുസരിച്ച് കെ പി മൊയ്തു രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ ജോസഫ് ജോര്‍ജായിരുന്നു വരണാധികാരി. യുഡിഎഫിന് ഭൂരിപക്ഷമുള്ള മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ മുന്നണി ധാരണ പ്രകാരം രണ്ടര വര്‍ഷം ലീഗിനും രണ്ടര വര്‍ഷം കോണ്‍ഗ്രസിനുമാണ് പ്രസിഡന്റ് പദവി. ലീഗിന്റെ രണ്ടര വര്‍ഷത്തില്‍ ആദ്യ ഒരു വര്‍ഷം കെ പി മൊയ്തുവിന്  നല്‍കാന്‍ ധാരണയായി. ഈ കാലാവധി നവംബര്‍ 30ന് അവസാനിച്ചെങ്കിലും രാജി വയ്ക്കാന്‍ മൊയ്തു തയ്യാറാവാത്തത് പാര്‍ട്ടിക്കകത്ത് ഏറെ ചര്‍ച്ചകള്‍ക്കും ബഹളത്തിനും ഇടയാക്കിയിരുന്നു. മണ്ഡലം,  ജില്ലാ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപ്പെട്ട് കെ പി മൊയ്തുവിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് അവസാനത്തോടെ മൊയ്തു രാജിക്ക് തയാറായത്.  പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന ഇന്നലെ യുഡിഎഫ് നേതൃത്വം ആശങ്കയുടെ മുള്‍മുനയിലായിരുന്നു. മൊയ്തു വോട്ട് അസാധുവാകുകയോ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരിക്കുകയോ ചെയ്യുമോയെന്നതായിരുന്നു നേതാക്കളുടെ ഭയം.  സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന അനുമോദന യോഗത്തില്‍ ടി എ സലാം, വി വി ഷൗക്കത്തലി, ടി എ സിദ്ധീഖ്, എ അലവി തുടങ്ങിയവര്‍ സംസാരിച്ചു
Next Story

RELATED STORIES

Share it