Sports

യൂറോ കപ്പ് സന്നാഹം: ഇംഗ്ലണ്ട് ഇന്ന് ഓസീസിനെതിരേ

യൂറോ കപ്പ് സന്നാഹം: ഇംഗ്ലണ്ട്  ഇന്ന് ഓസീസിനെതിരേ
X
Ireland-players-train-in-Du

ലണ്ടന്‍: യൂറോ കപ്പിന് വിസില്‍ മുഴങ്ങാന്‍ ഇനി രണ്ടാഴ്ച മാത്രം ശേഷിക്കെ സന്നാഹ മല്‍സരങ്ങളില്‍ ഇന്ന് പ്രമുഖ ടീമുകള്‍ കളത്തില്‍. കിരീടഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ടും ഏഷ്യന്‍ ശക്തികളായ ആസ്‌ത്രേലിയയും തമ്മിലുള്ള പോരാട്ടമാണ് ഇതില്‍ ശ്രദ്ധേയം.
മറ്റു മല്‍സരങ്ങളില്‍ ചെക് റിപബ്ലിക് മാള്‍ട്ടയെയും അയര്‍ലന്‍ഡ് ഹോളണ്ടിനെയും ക്രൊയേഷ്യ മാള്‍ഡോവയെയും വടക്കന്‍ അയര്‍ലന്‍ഡ് ബെലാറസിനെയും സ്ലൊവാക്യ ജോര്‍ജിയയെയും നേരിടും.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം എഫ്എ കപ്പ് കിരീടവിജയത്തില്‍ പങ്കാളിയായ യുവ സ്‌ട്രൈക്കര്‍ മാര്‍കസ് റഷ്‌ഫോര്‍ഡ് ഇന്ന് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചേക്കും. കഴിഞ്ഞ ഞായറാഴ്ച തുര്‍ക്കിക്കെതിരേ ഇംഗ്ലണ്ട് 2-1നു ജയിച്ച കളിയില്‍ താരം കളിച്ചിരുന്നില്ല. എഫ്എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്ററിനുവേണ്ടി കളിച്ചതിനെത്തുടര്‍ന്നാണ് റഷ്‌ഫോര്‍ഡ് പിന്‍മാറിയത്.
തുര്‍ക്കിക്കെതിരായ മല്‍സരം നഷ്ടമായ മാഞ്ചസ്റ്റര്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണി, ക്രിസ് സ്‌മോളിങ് എന്നിവരും ഇന്ന് ഇംഗ്ലണ്ട് നിരയില്‍ മടങ്ങിയെത്തും.
കൂടാതെ തുര്‍ക്കിക്കെതിരേ വിശ്രമം അനുവദിക്കപ്പെട്ട ലിവര്‍പൂള്‍ താരങ്ങളായ ഡാനിയേല്‍ സ്റ്റുറിഡ്ജ്, ആദം ലല്ലാന, ജെയിംസ് മില്‍നര്‍, നതാനിയേല്‍ ക്ലൈന്‍ എന്നിവരും ഇംഗ്ലീഷ് ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന.
ബുധനാഴ്ച വിവാഹിതനായ സ്‌ട്രൈക്കര്‍ ജാമി വാര്‍ഡി ഇന്ന് ഇംഗ്ലണ്ട് നിരയിലുണ്ടാവില്ല. തുര്‍ക്കിക്കെതിരേ വാര്‍ഡിയുടെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയഗോള്‍.
Next Story

RELATED STORIES

Share it