Sports

യൂറോ കപ്പ്: വെയ്ല്‍സ് 3-0ന് റഷ്യയെ തകര്‍ത്തു;വെയ്ല്‍സ് പ്രീക്വാര്‍ട്ടറില്‍

യൂറോ കപ്പ്: വെയ്ല്‍സ് 3-0ന് റഷ്യയെ തകര്‍ത്തു;വെയ്ല്‍സ് പ്രീക്വാര്‍ട്ടറില്‍
X
Bale-spreads-his-arms-to-ce

പാരിസ്: കന്നി യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ തന്നെ വരവറിയിച്ച വെയ്ല്‍സ് യൂ റോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ റഷ്യയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് വെയ്ല്‍സിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ആരണ്‍ റെംസി (11ാം മിനിറ്റ്), നെയ്ല്‍ ടെയ്‌ലര്‍ (20), റയല്‍ മാഡ്രിഡ് സ്റ്റാര്‍ വിങര്‍ ഗരെത് ബേല്‍ (67) എന്നിവരാണ് വെയ്ല്‍സിന്റെ സ്‌കോറര്‍മാര്‍.ടൂര്‍ണമെന്റിലെ രണ്ടാം ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് വെയ്ല്‍സിന്റെ മുന്നേറ്റം. നേരത്തെ ആദ്യ മല്‍ സരത്തില്‍ സ്ലൊവാക്യയെ പരാജയപ്പെടുത്തിയ വെയ്ല്‍സ് ശക്തരായ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റുമായാണ് വെയ്ല്‍സ് ഗ്രൂപ്പ് ബി ജേതാക്കളായത്. മൂന്നു മല്‍സരങ്ങളില്‍ ഒരു പോയിന്റ് മാത്രം നേടിയ റഷ്യ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. സ്ലൊവാക്യയോട് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയ റഷ്യക്ക് ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കിയത് മാത്രമാണ് ടൂര്‍ണമെന്റിലെ ഏക ആശ്വാസം.പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജയം അനിവാര്യമായിരുന്നു വെയ്ല്‍സ് റഷ്യക്കെതിരേ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുകയായിരുന്നു. പന്തടക്കത്തില്‍ ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും ആക്രമിച്ചു കളിക്കുന്നതില്‍ വെയ്ല്‍സ്് റഷ്യക്കു മേല്‍ വ്യക്തമായ മുന്‍തൂക്കം നേടി. 12 തവണ പോസ്റ്റ് ലക്ഷ്യമാക്കി വെയ്ല്‍സ് തൊടുത്തപ്പോള്‍ അതില്‍ മൂന്നും ഗോളായി മാറുകയും ചെയ്തു. കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ റഷ്യന്‍ ഗോള്‍കീപ്പറെ വെയ്ല്‍സ് പരീക്ഷിച്ചു. എന്നാല്‍, ബേലിന്റെ  ഷോട്ട് റഷ്യന്‍ ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ് കൈപിടിയിലൊതുക്കുകയായിരുന്നു. പിന്നീട് റഷ്യ പാസിങ് ഗെയിം കളിച്ചെങ്കിലും 11ാം മിനിറ്റില്‍ വെയ്ല്‍സ് മല്‍സരത്തിലെ ആദ്യ ഗോള്‍ നിറയൊഴിച്ചു. ജോ അലെനിന്റെ ലോങ് പാസ് സ്വീകരിച്ച റെംസി പന്ത് റഷ്യന്‍ ഗോള്‍ പോസ്റ്റിലേക്ക് കോരിയിടുകയായിരുന്നു. ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ റഷ്യയെ ഞെട്ടിച്ച് ഒമ്പത് മിനിറ്റുകള്‍ക്കകം വെയ്ല്‍സ് കളിയിലെ രണ്ടാം ഗോ ളും നേടി. റഷ്യന്‍ പ്രതിരോധനിരത്തിലെ വിള്ളല്‍ മുതലെടുത്ത ടെയ്‌ലര്‍ ആദ്യം പോസ്റ്റിലോക്ക് ഷോട്ടുതീര്‍ത്തെങ്കിലും അകിന്‍ഫീവ് തടുത്തിട്ടു. എന്നാല്‍, റീബൗണ്ട് ലഭിച്ച പന്ത് പിഴവ് ആവര്‍ത്തിക്കാതെ ടെയ്‌ലര്‍ റഷ്യന്‍ ഗോള്‍ പോസ്റ്റിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. 27ാം മിനിറ്റില്‍ റഷ്യന്‍ താരം ആര്‍റ്റം ദ്യുബയുടെ ഷോട്ട് വെയ്ല്‍സ് ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്നസി മികച്ചൊരു സേവിലൂടെ നിഷ്പ്രഭമാക്കി. 30ാം മിനിറ്റില്‍ സാം വോക്‌സിന്റേയും 40ാം മിനിറ്റില്‍ ബേലിന്റേയും ഗോള്‍ ശ്രമങ്ങള്‍ റഷ്യന്‍ ഗോള്‍കീപ്പറുടെ മികച്ച സേവിന് മുന്നില്‍ നിഷ്ഫലമായി. രണ്ടാംപകുതിയിലെ 55ാം മിനിറ്റിലും ബേല്‍ ഗോള്‍ ശ്രമം നടത്തിയെങ്കിലും റഷ്യന്‍ ഗോള്‍കീപ്പറെ മറികടക്കാനായില്ല. ഒടുവില്‍ 67ാം മിനിറ്റില്‍ ബേല്‍ റഷ്യന്‍ ഗോള്‍ വലകുലുക്കി. റെംസിയുടെ തകര്‍പ്പന്‍ പാസ് സ്വീകരിച്ച ബേല്‍ ഗോള്‍കീപ്പര്‍ അകിന്‍ഫീവിനെ കബളിപ്പിച്ച് അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ബേലിന്റെ മൂന്നാം ഗോള്‍ നേട്ടം കൂടിയാണിത്. നേരത്തെ സ്ലൊവാക്യക്കെതിരേയും ഇംഗ്ലണ്ടിനെതിരേയും താരം സ്‌കോര്‍ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it