Sports

യൂറോ കപ്പ്: ഗോളടിക്കാന്‍ മറന്ന് പറങ്കിപ്പട

യൂറോ കപ്പ്: ഗോളടിക്കാന്‍ മറന്ന് പറങ്കിപ്പട
X
Cristiano-Ronaldo-holds-his

പാരിസ്: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും പോര്‍ച്ചുഗലിന് സമനിലക്കുരുക്ക്. ഗ്രൂപ്പ് എഫിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ ഓസ്ട്രിയയാണ് ഗോള്‍രഹിതമായി പോര്‍ച്ചുഗലിനെ പിടിച്ചു കെട്ടിയത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സമനില വഴങ്ങിയതോടെ പോര്‍ച്ചുഗലിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യത തുലാസിലായി. നേരത്തെ ടൂര്‍ണമെന്റിലെ കന്നി അങ്കക്കാരായ ഐസ്‌ലന്‍ഡിനോടും പോര്‍ച്ചുഗല്‍ (1-1) സമനില വഴങ്ങിയിരുന്നു. രണ്ടു മല്‍സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് പറങ്കിപ്പട. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഹംഗറിയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.ഓസ്ട്രിയക്കെതിരേ മികച്ച പ്രകടനമാണ് പോര്‍ച്ചുഗല്‍ പുറത്തെടുത്തത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നാനിയും ചേര്‍ന്ന് ഓസ്ട്രിയന്‍ ഗോള്‍മുഖത്ത് നിരന്തരം റൈഡ് നടത്തിയെങ്കിലും ഒരു തവണ പോലും പോര്‍ച്ചുഗലിന് ഗോള്‍ മാത്രം കണ്ടെത്താനായില്ല. ഇതിനിടയില്‍ പെനാല്‍റ്റി അവസരവും പറങ്കിപ്പടയെ തേടിയെത്തുകയും ചെയ്തു. കളിയുടെ 79ാം മിനിറ്റിലാണ് ക്യാപ്റ്റന്‍ കൂടിയായ ക്രിസ്റ്റ്യാനോയിലൂടെ പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. ഓസ്ട്രിയന്‍ ഡിഫന്‍ഡര്‍ മാര്‍ട്ടിന്‍ ഹിന്റര്‍ഗര്‍ പെനാല്‍റ്റി ബോക്‌സില്‍ വച്ച് ക്രിസ്റ്റിയാനോയെ ഫൗളിനിരയാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റി കിക്ക് ഓസ്ട്രിയയുടെ പോസ്റ്റില്‍ത്തട്ടി തെറിക്കുകയായിരുന്നു. ഗോളിനായി ആറോളം സുവര്‍ണാവസരങ്ങളാണ് പറങ്കിപ്പടയ്ക്ക് ലഭിച്ചത്. എന്നാല്‍, ഓസ്ട്രിയന്‍ ഗോള്‍കീപ്പര്‍ റോബര്‍ട്ട് ആല്‍മറിന്റെ മിന്നുന്ന സേവുകള്‍ മറികടക്കാന്‍ പറങ്കിപ്പടയ്ക്ക് കഴിയാതെ പോവുകയായിരുന്നു. ഇതില്‍ ക്രിസ്റ്റ്യനോയുടെ ബുള്ളറ്റ് ഷോട്ടും നാനിയുടെ തകര്‍പ്പന്‍ ഹെഡ്ഡറും ആര്‍മറിന്റെ ഉജ്ജ്വല സേവിന് മുന്നില്‍ ലക്ഷ്യംതെറ്റിയതില്‍ ഉള്‍പ്പെടുന്നു. കളിയുടെ 85ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ പന്ത് ഓസ്ട്രിയന്‍ വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ഓസ്ട്രിയക്കെതിരേ കളത്തിലിറങ്ങിയതോടെ പോര്‍ച്ചുഗലിനു വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച താരമെന്ന ഖ്യാതി ക്രിസ്റ്റിയാനോ (128) തന്റെ പേരിലാക്കി. മുന്‍ ഇതിഹാസ താരം ലൂയിസ് ഫിഗോയുടെ 127 മല്‍സരങ്ങളെന്ന കടമ്പയാണ് ക്രിസ്റ്റിയാനോ  മറികടന്നത്.
Next Story

RELATED STORIES

Share it