Flash News

യൂറോപ ലീഗ് ഫൈനല്‍ : യുനൈറ്റഡ് Vs അജാക്‌സ്



മാഞ്ചസ്റ്റര്‍/ലിയോണ്‍: ചാംപ്യന്‍സ് ലീഗ് ആരവങ്ങള്‍ക്കൊപ്പം യുവേഫ യൂറോപ ലീഗും കലാശത്തിലേക്ക്. ഇന്നലെ രണ്ടാംപാദ സെമിഫൈനല്‍ അവസാനിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും അജാക്‌സും ഫൈനലില്‍ പ്രവേശിച്ചു. ഓള്‍ഡ്ട്രഫോര്‍ഡില്‍ നടന്ന രണ്ടാംപാദ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് സെല്‍റ്റവിഗോയോട് സമനില യില്‍ കുരുങ്ങിയെങ്കിലും ആദ്യപാദത്തിലെ ഏക ഗോള്‍ യുനൈറ്റഡിനെ രക്ഷപ്പെടുത്തുകയായിരുന്നു. ആകെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് യുനൈറ്റഡ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനോട് തോല്‍വി വഴങ്ങിയെങ്കിലും ആദ്യപാദത്തിലെ കൂറ്റന്‍ ജയം നെതര്‍ലാന്‍ഡ്‌സ് വമ്പന്മാരായ അജാക്‌സിനും തുണയായി. ആദ്യപാദത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന അജാക്‌സിനെതിരേ രണ്ടാംപാദത്തില്‍ മൂന്ന് ഗോളുകള്‍ ലിയോണ്‍ തിരിച്ചടിച്ചു. എന്നാല്‍, ലിയോണിന്റെ ഹോംഗ്രൗണ്ടില്‍ നിര്‍ണായക എവേ ഗോളും നേടി ഗോള്‍പട്ടിക 5-4 എന്ന നിലയിലെത്തിച്ചാണ് അജാക്‌സ് യൂറോപ കിരീട സാധ്യത നിലനിര്‍ത്തിയത്. ഈ മാസം 25ന് സ്വീഡനിലെ സോള്‍ന ഫ്രണ്ട്‌സ് അറീനയിലാണ് ഫൈനല്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.15നാണ് മല്‍സരം.

കൈയാങ്കളിയും സമനിലയും

പ്രീമിയര്‍ ലീഗില്‍ ആദ്യനാലില്‍ കയറിപ്പറ്റി അടുത്ത ചാംപ്യന്‍സ് ലീഗില്‍ കടക്കാമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുന്ന യുനൈറ്റഡിന് യൂറോപ കിരീടമാണ് ഇനിയുള്ള വഴി. ഫൈനലില്‍ ജേതാക്കളായാല്‍ ചാംപ്യന്‍സ് ലീഗില്‍ കടക്കാമെന്നിരിക്കെ ജോസ് മൊറീഞ്ഞോയ്ക്ക് ഈ സെമി നിര്‍ണായകമായിരുന്നു. ആദ്യപാദ സെമിയില്‍ ഏകപക്ഷീയമായ എവേ ഗോളില്‍ മുന്‍തൂക്കമുണ്ടായിരുന്നു യുനൈറ്റഡിന്. എന്നാല്‍, ഹോംഗ്രൗണ്ടിലായിരുന്നിട്ടു കൂടി രണ്ടാംപാദത്തില്‍ അത്ര സുഖകരമായിരുന്നില്ല കാര്യങ്ങള്‍. ആഴ്‌സനലിനോട് അടിയറവു പറഞ്ഞ കഴിഞ്ഞ മല്‍സരത്തില്‍ വിശ്രമം അനുവദിച്ച പ്രമുഖ താരങ്ങളെയെല്ലാം അണിനിരത്തിയായിരുന്നു യുനൈറ്റഡ് ലൈനപ്പ്. ഇബ്രാഹിമോവിച്ചും റോജോയും തിരിച്ചെത്താത്ത പശ്ചാത്തലത്തില്‍ മെഹ്ത്രിയന്‍, റാഷ്‌ഫോര്‍ഡ്, ലിംഗാര്‍ഡ് എന്നിവര്‍ക്കായിരുന്നു മുന്നേറ്റത്തിന്റെ ചുമതല. മൊറീഞ്ഞോയുടെ തന്ത്രം വിജയം കണ്ടു. 4-1-2-3 എന്ന ഫോര്‍മാറ്റില്‍ എതിരാളികളെ നേരിട്ട 17ാം മിനിറ്റില്‍ തന്നെ യുനൈറ്റഡ് ഗോള്‍ അക്കൗണ്ട് തുറന്നു. റാഷ്‌ഫോര്‍ഡ് നല്‍കിയ മനോഹരമായ പാസ്സ് ഹെഡ്ഡറിലൂടെ വലയിലാക്കിയ ബെല്‍ജിയം താരം മര്വാന്‍ ഫെല്ലെയ്‌നി യുനൈറ്റഡിന് ആധിപത്യം നേടിക്കൊടുത്തു. 4-3-3 എന്ന ഫോര്‍മാറ്റില്‍ ഏതു വിധേനയും തിരിച്ചടിക്കാനാണ് സ്പാനിഷ് കരുത്തരും എത്തിയത്. എവേ ഗോളില്‍ യുനൈറ്റഡിനെ മറികടക്കലായിരുന്നു അവരുടെ ലക്ഷ്യം. അതിന്റെ മിടുക്ക് പന്തടക്കത്തില്‍ കണ്ടു. മല്‍സരത്തിലുടനീളം പന്ത് കൂടുതല്‍ സമയം നിയന്ത്രിക്കാന്‍ സെല്‍റ്റ വിഗോയ്ക്ക് സാധിച്ചു. എട്ടുതവണ ഗോളിന് ശ്രമിച്ചിട്ടും യുനൈറ്റഡ് പ്രതിരോധത്തേയോ ഗോള്‍ കീപ്പറേയോ മറികടക്കാന്‍ സെല്‍റ്റയ്ക്ക് സാധിച്ചില്ല. രണ്ടാംപകുതിയുടെ തുടക്കം മുതല്‍ സ്‌ക്വാഡില്‍ മാറ്റം വരുത്തി കൊണ്ട് എഡ്വാര്‍ഡോ ബെറിസോ സെല്‍റ്റയെ ഗോളടിപ്പിക്കാന്‍ ശ്രമിച്ചു. രണ്ട് ഗോളെങ്കിലും തിരിച്ചടിച്ചാല്‍ മാത്രം വിജയപ്രതീക്ഷയുണ്ടായിരുന്ന സെല്‍റ്റ ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. അതോടെ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞ യുനൈറ്റഡ് കാര്യമായ മുന്നേറ്റങ്ങള്‍ നടത്തിയില്ല. പകരക്കാരെ പരീക്ഷിച്ചതിന്റെ ഫലമെന്നോണം 85ാം മിനിറ്റില്‍ സെല്‍റ്റ ഗോള്‍ നേടി. ബൊന്‍ഗോണ്ടയുടെ അസിസ്റ്റില്‍ യുനൈറ്റഡ് പ്രതിരോധത്തെ നോക്കുകുത്തിയാക്കി റോന്‍കാഗ്ലിയ ഹെഡ്ഡറിലൂടെ സമനില നേടിയെടുത്തു. അവശേഷിച്ച കുറഞ്ഞ സമയത്തിനകം ജയം നേടാനുള്ള ശ്രമങ്ങള്‍ സെല്‍റ്റ സജീവമാക്കി. പലപ്പോഴും കളിയുടെ പരിധിവിട്ട് കൈയാങ്കളിയിലേക്ക് മല്‍സരം നീങ്ങി. അതിന്റെ തിരിച്ചടിയെന്നോണം 88ാം മിനിറ്റില്‍ യുനൈറ്റഡിന്റെ എറിക് ബെയ്‌ലിയും റോന്‍കാഗ്ലിയക്കും ചുവപ്പു കാര്‍ഡ് ലഭിച്ചു. വാക്കേറ്റം കൈയേറ്റത്തിലേക്ക് വഴിമാറിയപ്പോഴാണ് റഫറി ഇരുവരേയും പുറത്താക്കിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച ഒരു അവസരം സെല്‍റ്റ താരങ്ങള്‍ തുലച്ചതോടെ ജയം യുനൈറ്റഡിന്.

തോറ്റിട്ടും ജയിച്ച് അജാക്‌സ്

ഫ്രഞ്ച് വമ്പന്മാരുടെ തട്ടകത്തില്‍ അവസാന പാദത്തിനെത്തുമ്പോള്‍ മൂന്ന് ഗോളിന്റെ മുന്‍തൂക്കമുണ്ടായിരുന്നു അജാക്‌സിന്. ആദ്യപാദത്തില്‍ തങ്ങളുടെ തട്ടകത്തില്‍ നെതര്‍ലാന്‍ഡ് വമ്പന്മാര്‍ ഒന്നിനെതിരേ നാല് തവണയാണ് ലിയോണിന്റെ വലനിറച്ചത്. എന്നാല്‍, രണ്ടാംപാദത്തില്‍ ലിയോണ്‍ കരുത്ത് വീണ്ടെടുത്ത് മൂന്നെണ്ണം തിരിച്ചടിച്ചപ്പോള്‍ അജാക്‌സിന് തോല്‍വിയായിരുന്നു ഫലം. എന്നാല്‍, നാല് ഗോള്‍ പട്ടികയിലേക്ക് ഒരു എവേ ഗോളും കൂടി ചേര്‍ത്ത അജാക്‌സ്, 5-4 എന്ന ആകെ ഗോളിന്റെ കരുത്തില്‍ വീറോടെ ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. 1996ന് ശേഷമാണ് അജാക്‌സ് ഒരു യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കാണുന്നത്. അതിനാല്‍ തന്നെ, യുനൈറ്റഡിന് എതിരേ ജയം നേടുക എന്നത് അവര്‍ക്ക് ഒരു ചരിത്രദൗത്യം കൂടിയാണ്. ഇന്നലെ സ്റ്റാര്‍ടിങ് വിസിലിന്റെ 27ാം മിനിറ്റില്‍ തന്നെ അജാക്‌സ് പാര്‍ക് ഒളിംപിക് ലിയോണിസ് തട്ടകത്തില്‍ എതിരാളികളെ വിറപ്പിച്ചു. യൂനുസിനെ കൂട്ടുപിടിച്ച് കാസ്‌പെര്‍ ഡോള്‍ബെര്‍ഗ് ഗോള്‍ നേടിയതോടെ അജാക്‌സിന് 5-1ന്റെ മുന്‍തൂക്കം. എന്നാല്‍, നഷ്ടപ്പെടാനൊന്നുമില്ലെന്ന തിരിച്ചറിവില്‍ വാശിയോടെ കളിച്ച ലിയോണ്‍ ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ രണ്ട് തവണ തിരിച്ചടിച്ചു. പന്തടക്കത്തില്‍ പിന്നില്‍ നിന്ന അജാക്‌സിനെതിരേ 45, 46 മിനിറ്റുകളിലായി അലെക്‌സാണ്ട്രെ ലാകസെറ്റെയാണ് ഇരട്ടഗോള്‍ നേടിയത്. 45ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ വല ചലിപ്പിച്ച ലാകസെറ്റെ, തൊട്ടടുത്ത നിമിഷം ഫെകിറിന്റെ അസിസ്റ്റില്‍ ഗോള്‍ നേടി. അതോടെ ആദ്യപകുതി പിരിയുമ്പോള്‍ 2-1ന് ലിയോണ്‍ മുമ്പില്‍. രണ്ടാംപകുതിയും ബോള്‍ പൊസെഷനില്‍ മുന്‍തൂക്കം ലിയോണിനു തന്നെ. പക്ഷേ, മധ്യാര്‍ധം വരെ ഗോള്‍ അകന്നു നിന്നു. പകരക്കാരനായി കളത്തിലെത്തിയ റാച്ചിഡ് ഗെസലിന്റെ ശ്രമം വിജയം കാണുംവരെ ലിയോണിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ മങ്ങിയിരുന്നു. അഗ്രിഗേറ്റ് സ്‌കോര്‍ 4-5ല്‍ എത്തിയതോടെ ഒരു ഗോള്‍ കൂടി നേടാനുള്ള ലിയോണിന്റെ മുന്നേറ്റത്തെ അജാക്‌സ് പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞ് തടുത്തു. തിരിച്ചടിയായി നിക് വീര്‍ഗെവര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും ലിയോണിനെ കൊണ്ട് ഗോളടിപ്പിക്കാതിരിക്കുന്നതില്‍ അജാക്‌സ് വിജയം കണ്ടു. അവസാന നിമിഷങ്ങളിലെ തുറന്ന അവസരങ്ങള്‍ ഫ്രഞ്ച് പട പാഴാക്കിയതോടെ ഫൈനല്‍ ടിക്കറ്റ് അജാക്‌സ് സ്വന്തമാക്കി.
Next Story

RELATED STORIES

Share it