Sports

യൂറോപ്യന്‍ മീറ്റുകളില്‍ മികവ് തെളിയിച്ച് റിയോയിലേക്ക് പറക്കാന്‍ ടിന്റു ലൂക്ക

ന്യൂഡല്‍ഹി: ഈ മാസവും അടുത്ത മാസവുമായി നടക്കാനിരിക്കുന്ന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനം നടത്തി റിയോ ഒളിംപിക്‌സിനായി ബ്രസീലിലേക്കു പറക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്ക. ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റുമാരിലൊരാളായ പി ടി ഉഷയുടെ ശിഷ്യ കൂടിയാണ് നിലവില്‍ 800 മീറ്ററിലെ ഏഷ്യന്‍ ചാംപ്യനായ ടിന്റു. 800 മീറ്ററില്‍ നിലവിലെ ദേശീയ റെക്കോഡും ടിന്റുവിന്റെ പേരിലാണ്.
ലണ്ടന്‍, പ്രാഗ് എന്നീവിടങ്ങളില്‍ യഥാക്രമം ഈ മാസം 28, ജൂണ്‍ ആറ് തിയ്യതികളില്‍ നടക്കാനിരിക്കുന്ന അത്‌ലറ്റിക് മീറ്റുകളിലാണ് 27കാരിയായ മലയാളി താരം പങ്കെടുക്കാനൊരുങ്ങുന്നത്. ലണ്ടനിലെ വാട്‌ഫോര്‍ഡില്‍ ശനിയാഴ്ച തുടങ്ങുന്ന ബിഎംസി ഗ്രാന്റ്പ്രീയിലാണ് ടിന്റു ആദ്യമായി ട്രാക്കിലിറങ്ങുക.
അതിനുശേഷം ജൂണ്‍ ആറു മുതല്‍ ചെക് റിപബ്ലിക്കിലെ പ്രാഗില്‍ നടക്കുന്ന ജോസഫ് ഓല്‍സില്‍ മെമ്മോറിയല്‍ ചാംപ്യന്‍ഷിപ്പിലും താരം അണിനിരക്കും.
''ടിന്റു കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് പറയുകയാണെങ്കില്‍ അതു ശരിയാവില്ല. എന്നാല്‍ താരം ഇപ്പോള്‍ ഫോമിലാണെന്നത് വസ്തുതയാണ്. അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പുകളില്‍ മല്‍സരിക്കുന്നതോടെ കൂടുതല്‍ മികവിലേക്കുയരാന്‍ ടിന്റുവിനാവും''- ഉഷ വ്യക്തമാക്കി.
Next Story

RELATED STORIES

Share it