യൂറോപ്പില്‍ സപ്തംബര്‍ 11 മാതൃകയില്‍ ആക്രമണത്തിനു സാധ്യതയെന്ന്

പാരീസ്: യുഎസിലെ ലോകവ്യാപാര കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മാതൃകയില്‍ ഈ വര്‍ഷം യൂറോപ്പില്‍ സായുധാക്രമണ സാധ്യതയുള്ളതായി സുരക്ഷാ ഏജന്‍സികള്‍. നവംബറില്‍ പാരീസില്‍ 130 പേര്‍ കൊല്ലപ്പെട്ട ആക്രമണം ആദ്യ പരീക്ഷണമായിരുന്നുവെന്ന് ഫ്രാന്‍സിലെ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.
സപ്തംബര്‍ 11 മാതൃകയിലുള്ള ആക്രമണം അതേദിവസം തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്താനാണ് ഐഎസ് പദ്ധതിയിട്ടതെന്ന് പാരീസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇതിനുവേണ്ടി യൂറോപ്പില്‍ നിന്ന് നിരവധി പേരെ ഐഎസ് റിക്രൂട്ട് ചെയ്യുന്നതായും അവര്‍ അവകാശപ്പെടുന്നു. ഇവരെ ഉപയോഗിച്ച് സ്വന്തം രാജ്യങ്ങളില്‍ തന്നെ ആക്രമണം നടത്തുകയെന്ന പദ്ധതിയാണ് ഐഎസ് തയ്യാറാക്കുന്നത്.
ഭാഷാ വൈദഗ്ധ്യവും വ്യാജരേഖ ചമയ്ക്കാനുള്ള സൗകര്യങ്ങളും പ്രദേശങ്ങളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന തദ്ദേശീയ അനുഭാവികളും മാരകായുധങ്ങളും പണവും ഉള്ളതാണ് ഐഎസിന്റെ ശ്രമങ്ങള്‍ക്കു തുണയാവുന്നതെന്നും സുരക്ഷാ വിദഗ്ധര്‍ പറയുന്നു. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും തിരിച്ചെത്തിയവരെ അറസ്റ്റ് ചെയ്തതോടെയാണ് വിവരങ്ങള്‍ ലഭ്യമായതെന്നും രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെടുന്നു.
Next Story

RELATED STORIES

Share it