യൂറോപ്പില്‍ ഇന്ന് തീപ്പാറും

മാഡ്രിഡ്/ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നും നാളെയും അരങ്ങേറും. ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ജര്‍മനിയില്‍ നിന്നുള്ള വോള്‍ഫ്‌സ്ബര്‍ഗിനെയും മാഞ്ചസ്റ്റര്‍ സിറ്റി ശക്തരായ പിഎസ്ജിയെയും എതിരിടും.
നാളെ നടക്കുന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിഡുമായി കൊമ്പുകോര്‍ക്കുമ്പോള്‍ മുന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയെ നേരിടും.
വോള്‍ഫ്‌സ്ബര്‍ഗിന്റെ തട്ടകത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദത്തില്‍ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയ റയല്‍ രണ്ടാംപാദത്തില്‍ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യംവയ്ക്കുന്നത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ആദ്യപാദത്തില്‍ റയല്‍ വോള്‍ഫ്‌സ്ബര്‍ഗിന് മുന്നില്‍ പരാജയപ്പെട്ടത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തണമെങ്കില്‍ റയലിന് ഇന്ന് മൂന്ന് ഗോള്‍ മാര്‍ജിനില്‍ ജയിച്ചേ തീരൂ. ഇന്നത്തെ നിര്‍ണായക മല്‍സരം സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍നാബുവിലാണെന്നത് റയലിന് നേരിയ വിജയപ്രതീക്ഷ നല്‍കുന്നുണ്ട്.
സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് തങ്ങളുടെ രക്ഷകനാവുമെന്ന പ്രതീക്ഷയിലാണ് റയലും ആരാധകരും. തുടര്‍ച്ചയായി അവസാന അഞ്ച് സീസണുകളില്‍ ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്ത ടീം കൂടിയാണ് 10 തവണ ചാംപ്യന്‍മാരായ റയല്‍.
എന്നാല്‍, ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലെത്താനുള്ള സുവര്‍ണാവസരമാണ് വോള്‍ഫ്‌സ്ബര്‍ഗിന് വന്നെത്തിയിരിക്കുന്നത്. ഇന്ന് രണ്ട് ഗോള്‍ മാര്‍ജിനില്‍ തോറ്റില്ലെങ്കില്‍ കണക്കുകളുടെ കളി നോക്കാതെ തന്നെ വോള്‍ഫ്‌സ്ബര്‍ഗിന് അനായാസം ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറാനാവും.
അതേസമയം, ചാംപ്യന്‍സ് ലീഗിന്റെ കന്നി സെമി ഫൈനല്‍ മോഹിച്ചാണ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ സിറ്റിയും ഫ്രഞ്ച് ലീഗില്‍ ചാംപ്യന്‍മാരായ പിഎസ്ജിയും കളത്തിലിറങ്ങുന്നത്. പിഎസ്ജിയുടെ തട്ടകത്തില്‍ നടന്ന ഒന്നാംപാദ ക്വാര്‍ട്ടര്‍ 2-2ന് അവസാനിച്ചിരുന്നു. ഇന്ന് പിഎസ്ജിയെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാന്‍ സാധിച്ചിലും എവേ ഗോളിന്റെ പിന്‍ബലത്തില്‍ സിറ്റിക്ക് സെമിയിലെത്താന്‍ സാധിക്കും.
എങ്കിലും സ്വന്തം തട്ടകമായ ഇത്തിഹാദില്‍ വിജയത്തോടെ അവസാന നാലില്‍ ഇടംപിടിക്കാനുള്ള കഠിന തയ്യാറെടുപ്പിലാണ് സിറ്റി. പരിക്കേറ്റ മിഡ്ഫീല്‍ഡര്‍ സമീര്‍ നസ്‌റിയും ക്യാപ്റ്റനും ഡിഫന്‍ഡറുമായ വിന്‍സെന്റ് കൊംപാനിയും ഇന്നത്തെ മല്‍സരത്തില്‍ കളിക്കില്ലായെന്നത് സിറ്റിക്ക് തിരിച്ചടിയാണ്.
ഫ്രഞ്ച് ലീഗ് സീസണിലെ കിരീടം നേരത്തെ തന്നെ വരുതിയിലാക്കിയ പിഎസ്ജി ഇത്തവണയെങ്കിലും സെമി ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കാനവുമെന്ന പ്രതീക്ഷയിലാണ്.
ഹോംഗ്രൗണ്ടില്‍ സമനില വഴങ്ങിയതിനാല്‍ സെമിയിലെത്തണമെങ്കില്‍ പിഎസ്ജിക്ക് രണ്ടാംപാദത്തില്‍ ജയിച്ചേ മതിയാവൂ.
Next Story

RELATED STORIES

Share it